Wednesday, December 30, 2009

ഗുരോ.. വന്ദനം...

ഒരാളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടം ഏതാണ്?.... മിക്കവര്‍ക്കും ഒരു സ്വരമേ കാണൂ.. കലാലയ ജീവിതം..ഇടക്കൊക്കെ പഴയ കാലത്തേക്കുള്ള തിരിഞ്ഞു നോട്ടം വല്ലാത്തൊരു അനുഭൂതിയാണ്.. പഠിപ്പിച്ച ഗുരുക്കന്‍മാരെ വീണ്ടും കണ്ടാലോ.. അത് വേറൊരു അനുഭൂതി... അതുപോലെയൊരു അനുഭവം ഉണ്ടായി...മുന്‍ രാഷ്ട്രപതി കെ. ആര്‍ . നാരായണന്റെ നാട്ടിലെ കോളേജില്‍ പഠിച്ച കാലത്ത് ഏറെ ആരാധനയോടെ നോക്കി നിന്ന അധ്യാപകനായിരുന്നു മലയാളം വിഭാഗത്തിലെ മാത്യു പ്രാല്‍ സാര്‍ ..പഠിപ്പിച്ചില്ലെങ്കിലും കോളേജ് ഓഡിറ്റോറിത്തില്‍ ഇടക്കൊക്കെ മുഴങ്ങിയിരുന്ന ആ വാചാലത അവാച്യമായ ഒരു നിര്‍വൃതി നല്‍കിയിരുന്നു... വര്‍ഷങ്ങള്‍ക്കു ശേഷം അറിവിന്റെ ആ വാചാലതക്ക് മുന്‍പില്‍ പഴയ കൂട്ടുകാരുമൊത്ത്‌ ഒന്നിച്ചിരിക്കാനൊരു ഭാഗ്യമുണ്ടായി..ദുബായിലെ ഒരു പാര്‍ക്കില്‍ ഒരു വെള്ളിയാഴ്ച... ആ ഓര്‍മയില്‍ കുറിച്ചിട്ടതാണിത്.

"ഗുരോ.. വന്ദനം...
"




ആ മരത്തണലില്‍ അങ്ങയോടോപ്പമുണ്ടായിരുന്ന ഒരു പകല്‍ ...
മനസ്സില്‍ നിറയെ പൂര്‍വ കാല സ്മൃതികള്‍ അലയടിച്ച ഒരു പകല്‍ ...
മറക്കാനാവില്ല...

ആ മരത്തണലില്‍ കസേരയില്‍ സ്വതസിദ്ധമായ ശൈലിയോടെ ഒരല്‍പം മുന്നോട്ട് ചാഞ്ഞു വാക്കുകള്‍ക്കൊപ്പം ഒരല്‍പം ചലിച്ചും തുടര്‍ന്ന അനര്‍ഗളമായ വാഗ്ധോരണി...

കാമുവും കാഫ്കയും ചുള്ളിക്കാടും വിനയ ചന്ദ്രനും കടമ്മനിട്ടയുമൊക്കെ ഞങ്ങളുടെ ഇടയില്‍ എവിടെയോ ഇരുന്ന് സാഹിത്യ ചര്‍ച്ച നടത്തുന്നത് പോലെയൊരു തോന്നല്‍ ..

വാക്കുകള്‍ക്കു വായുവിനെ നിശ്ചലമാക്കുവാനാകുമോ?
അറിയാതെ ചിന്തിച്ചു പോയി..

ഇടയ്ക്കു വീശിയ കാറ്റിനിടയില്‍ പൊഴിഞ്ഞു വീണ ഇലകളുടെ ശബ്ദം മനസ്സിനെ സബീല്‍ പാര്‍ക്കിലാണ് ഇരിക്കുന്നതെന്ന സത്യത്തിലേക്ക് മടക്കി കൊണ്ടുവന്നു.

ആരോ അറിയാതെ പറഞ്ഞു പോയി..

"ഹാ!.. ഈ പകല്‍ അവസാനിക്കതിരുന്നെന്കില്‍ ...?"

ഓര്‍മകളിലെവിടെയോ കേട്ട് മറന്ന ഒരു നാടന്‍ പാട്ടിന്റെ ഈണം പോലെ ഇടയ്ക്കു കടന്നെത്തിയ കുളിര്‍ കാറ്റ്‌..

ഉഴവൂരിന്റെ ക്ലാസ് മുറികളില്‍ ഒരല്‍പം പരിഭ്രമത്തോടെ പ്രാല്‍ സാറിന്റെ മുന്നില്‍ നിന്നു ചൊല്ലിയ കവിതകള്‍ പോലെ..

വീണ്ടും കുറെ കവിതകള്‍ ...സര്‍ഗ്ഗ സംഗീതവും വയലാറും ബഷീറും ഒക്കെ പൂര്‍വികരുടെ നാവിലൂടെ മനസ്സിലേക്കെത്തി..

കലാലയ കാലഘട്ടത്ത് ആ അധ്യാപനം ആസ്വദിക്കുവാന്‍ ഭാഗ്യം കിട്ടാത്തവര്‍ക്ക് അപൂര്‍വമായി മാത്രം ലഭിക്കുന്ന ഒരു നവ്യാനുഭവവും..

ആ ഒരു പകലിനു നൂറായിരം നന്ദി..

ഒടുവില്‍ ആ കൈകള്‍ ഉയര്‍ത്തി പ്രാല്‍ സാര്‍ അനുഗ്രഹിച്ചപ്പോള്‍ എല്ലാവരുടെയും കണ്ണുകള്‍ നിറഞ്ഞ പോലെ...
ഒപ്പം മനസ്സും..

ഇടയ്ക്കു തണുത്ത കാറ്റിനിടയില്‍ ഇലകള്‍ തല വന്ദിച്ചു പറയുന്നത് പോലെ..

" ഗുരോ...വന്ദനം..."




Saturday, October 31, 2009

ഞാനീ മനുഷ്യനെ സ്നേഹിക്കുന്നു...നിങ്ങളും അങ്ങനെയല്ലേ...




"ശ്രോതൃ ഹൃദയങ്ങളെ അരയാലില പോലെ അവിരത സ്പന്ദനം കൊള്ളിക്കുവാന്‍ ആഗ്രഹിക്കാത്തവര്‍ ആരുണ്ട്‌... ?".. അന്ന് പത്താം ക്ലാസിലെ മലയാളം പുസ്തകത്തില്‍ നിന്ന് പല തവണ പറഞ്ഞു പഠിച്ച വാചകം.....
മലയാള സമൂഹത്തിന്റെ മനസ്സുകളെ നിരന്തരം ചലിപ്പിച്ചുകൊണ്ട് ആ കുറിയ മനുഷ്യന്റെ ജിഹ്വ അതിന്റെ വിജയ യാത്ര തുടരുന്നു..

ആരാണ് അഴീക്കോട്‌..? ചിന്തകന്‍ ? വിമര്‍ശകന്‍ ? പ്രഭാഷകന്‍ ? എഴുത്തുകാരന്‍ ? എല്ലാത്തിനും അതേ... അതേ.. എന്ന് നാവുകള്‍ ചലിക്കുന്നു...

ഒരല്പം കൂടി കടത്തി ചിന്തിക്കുമ്പോള്‍ ഏറ്റവും വിമര്‍ശിക്കപ്പെട്ട വിമര്‍ശകന്‍...

"ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു" എന്നാ പുസ്തകം മുതല്‍ വിമര്‍ശനത്തിനു തനതായ ഒരു രൂപവും ഭാവവുമാണ്‌ അദ്ദേഹം പകര്‍ന്നത്...ഒരു പക്ഷെ ഒരു കവിയെ ആഴത്തില്‍ പഠിച്ചു ഇത് പോലെ വിമര്‍ശിച്ചു കൊണ്ട് എഴുതിയ വേറൊരു കൃതി മലയാളത്തില്‍ ഉണ്ടോ എന്ന് പോലും സംശയമാണ്...

അനുസ്യൂതം തുടരുന്ന ആ വാക്കുകള്‍ തന്നെയാണ് അദേഹത്തെ ശ്രദ്ധേയനാക്കിയത്...തലയല്‍പ്പം ആട്ടിക്കൊണ്ട് ഒരു കൈ അല്പം ഉയര്‍ത്തി ഒരു സമുദ്ര പ്രവാഹം പോലെ അലയടിച്ചെത്തുന്ന വാക്കുകള്‍... അതൊരനുഭവമാണ്.. ഗാനഗന്ധര്‍വന്‍ പറഞ്ഞത് പോലെ ഒരു സുന്ദരമായ കച്ചേരി പോലെയുള്ള ഒരനുഭവം.... ആ വാക്കുകളുടെ പ്രവാഹത്തില്‍ മയങ്ങി ഇരിക്കാത്ത സഹൃദയങ്ങളുണ്ടോ..?....

എന്തിനിങ്ങനെയൊക്കെ പറയാന്‍ തോന്നുന്നു... മറ്റൊന്നുമല്ല.. ഇന്ന് ഏറ്റം ക്രൂരമായി വിമര്‍ശിക്കപ്പെടുന്ന ഒരു വിമര്‍ശകന്‍ കൂടിയാണ് ഇദ്ദേഹം...

ഇന്ന് ആളുകള്‍ക്ക് അദ്ദേഹം എന്ത് പറഞ്ഞാലും വിമര്‍ശിക്കാനെ സമയമുള്ളൂ... അദ്ദേഹം രാഷ്ട്രീയം പറഞ്ഞാല്‍ ആക്ഷേപം, സാഹിത്യം പറഞ്ഞാല്‍ ആക്ഷേപം , സിനിമയെക്കുറിച്ച് പറഞ്ഞാല്‍ ആക്ഷേപം...വിവാത്തെക്കുരിച്ചു പറഞ്ഞാല്‍ ആക്ഷേപം...എല്ലാത്തിനും ആക്ഷേപം മാത്രമേ പേര് കേട്ട മലയാള സമൂഹത്തിനു കൈമുതലായുള്ളൂ... ഇതേ കൂട്ടര്‍ തന്നെയാണ് മലയാളത്തിന്റെ മാധവിക്കുട്ടിയെ ഈ മണ്ണില്‍ നിന്ന് ആട്ടിയോടിച്ചത്,അവര്‍ ഇനിയും സഹൃദയരേ ആട്ടിയോടിക്കും.. ഇവിടെ വിവരമില്ലായ്മയെ കുടിയിരുത്തും..
മലകള്‍ക്കും മേലെ ഉയര്‍ന്നു നില്‍ക്കുന്ന വ്യക്തി പ്രഭാവന്ഗ്ന്ങളെ അവര്‍ക്ക് കാണാനാകില്ല..കാണുന്നത്.. വെള്ളിത്തിരയിലെ സട കൊഴിഞ്ഞ സിംഹങ്ങളെയും പല്ല് പോയ പുലികളെയും.. അവരവയെ പാലുകൊണ്ടും പൂക്കള്‍ കൊണ്ടും ഒക്കെ അഭിഷേകം ചെയ്യും.. അറിയാതെപറഞ്ഞു പോകുന്നു.. ലജ്ജിക്കയെന്റെ കേരളമേ..

ഈ കുറിയ മനുഷന്റെ ചിന്താ സരണികളെ ഏറെ സ്വാധീനിച്ച വാഗ്ഭഡാനന്ദനെക്കുറിച്ച് വായിച്ചിട്ടുണ്ട്.. തെറ്റുകള്‍ക്ക് നേരെ ധീരമായി പ്രതികരിച്ചിരുന്ന അതികായന്‍.... തത്വ സംഹിതയുടെ പൂര്‍ണ രൂപം കണ്ടയാള്‍..... വാഗ്ഭദ്ദനന്ദന്‍ പ്രതികരിക്കുമ്പോള്‍ ജനങ്ങള്‍ക്ക്‌ മത വികാരം വ്രണപ്പെടുന്നതായി തോന്നിയിരുന്നില്ല..

ഇന്നോ...മതത്തെ തട്ടി എന്ത് പറഞ്ഞാലും അത് മത വികാം വ്രണപ്പെടുതലായി......അക്ഷേപങ്ങളായി.. സമൂഹത്തിലെ കൊള്ളരുതാത്തവനായി...

സമൂഹത്തിന്റെ വൈദേശിക വല്‍ക്കരണത്തിന്റെ ഒരു ഇര കൂടിയാണ് അഴീക്കോട്‌ എന്ന് തോന്നുന്നു.. സാന്ദര്‍ഭികമായ ആലങ്കാരിക പ്രയോഗങ്ങള്‍ പോലും ചെത്തി മിനുക്കിയെടുത്തു എഡിറ്റ്‌ ചെയ്തു വിപരീത അര്‍ത്ഥത്തിലാക്കി വിവാദത്തിലാക്കുന്നുണ്ട് നമ്മുടെ പേര് കേട്ട മാധ്യമ മഹാത്മാക്കള്‍...അച്യുതാനന്ദനെക്കുറിച്ചു പറഞ്ഞ ചെറിയ ഒരു കമന്റ്‌ ആണ് നൂറ്റാണ്ടിലെ തെറ്റായി നമ്മുടെ മാധ്യമ മഹാത്മാക്കള്‍ ചിത്രീകരിച്ചത്..

ഒരു നിമിഷം അറിയാതെ അദ്ദേഹവും നിസ്സഹായനായി പോകുന്നോ എന്ന് സന്ദേഹിക്കുകയാണ്...

അദ്ദേഹം പണം വാങ്ങി പ്രസംഗിക്കുന്നതില്‍ എന്താണ് തെറ്റ്...?....ചെയ്യുന്ന പ്രവൃത്തി ആസ്വദിക്കാന്‍ ആളുകള്‍ ഉള്ളത് കൊണ്ടാണ് അദ്ദേഹത്തെ കാണാന്‍ ആളുകള്‍ കൂടുന്നത്.. പ്രസംഗത്തിന് പണം വരുന്നതും...

അഴീക്കോടെ ഉയര്‍ത്തിയ വെല്ലുവിളികള്‍ ഇവിടെ എത്ര ആളുകള്‍ക്ക് നേരിടാന്‍ പറ്റിയിട്ടുണ്ട്?... കുറച്ചു കാലം മുന്‍പ് എം. പി. വീരെന്ദ്രകുമാരുമായി തര്‍ക്കം ഉണ്ടായപ്പോള്‍ പൊതു വേദിയില്‍ ചര്‍ച്ച ചെയ്യാമെന്ന നിര്‍ദ്ദേശത്തില്‍ നിന്നും തലയില്‍ മുണ്ടിട്ടണ് വീരന്‍ ഓടി ഒളിച്ചത്....കുറച്ചു കാലങ്ങള്‍ക്കു ശേഷം വന്നത് നടേശന്‍..ഗുണ്ടകളെ വിട്ടായിരുന്നു പൊതു വേദികളില്‍ ഈ കുറിയ മനുഷ്യനെ ആ മഹാന്‍ നേരിട്ടത്‌..

ഇന്നിപ്പോള്‍ കൂട്ടയാക്രമണം തുടരുകയാണ്...ആക്രമിക്കുന്നവര്‍ക്ക് ആദര്‍ശങ്ങളല്ല മുന്‍പില്‍... അഹന്ത മാത്രം...

ഹൃദയത്തിന്റെ ഭാഷയില്‍ പറയാന്‍ കൊതിക്കുന്നു..... ആ വാക്കുകള്‍ ഒഴുകട്ടെ അനുസ്യൂതമായി... ഞെട്ടുന്ന ചില്ലകള്‍ ഞെട്ടട്ടെ.. വന്മരം ആയി ഉറച്ചു നിന്ന് ഇനിയും ഉയരട്ടെ ആ കൈകള്‍... "ശ്രോതൃ ഹൃദയങ്ങളെ അരയാലില പോലെ അവിരത സ്പന്ദനം കൊള്ളിച്ചു കൊണ്ട്...." അങ്ങനെ...അങ്ങനെ.. അങ്ങനെ......






Monday, October 12, 2009

അജ്ഞാനിയുടെ ബ്ലോഗ്

ന്തുവാടേ.. ഇത്?? ചവറ് ബ്ലൊഗും എഴുതി നടക്കുവാണോ??


“ചോദ്യം . എന്നോടാണോ.?“


“നിന്നോട് തന്നെ.എന്തിനാനീ ഇങ്ങനെ എഴുതുന്നത്? ഇതൊക്കെ ആരു വായിക്കാനാ?“


“എനിക്കു പറയാനുള്ളതല്ലെ ഞാൻ പറയുന്നുള്ളൂ.“


“അത്രക്കു പറയുവാൻ നീ ആരാടെ?പ്രധാനമന്ത്രിയോ?“


“ഞാനൊരു സധാരണ മനുഷ്യനല്ലേഎനിക്കുമില്ലേ എന്തെൻകിലു മൊക്കെ പറയാൻ..“


“ഓഒരു എഴുത്തുകാരൻ വന്നിരിക്കുന്നുഡാ..നിലവാരമുള്ള എന്തെൻകിലും നീ എഴുതിയിട്ടുണ്ടോ? ഏതെങ്കിലും നിലവാരമുള്ള ബ്ലോഗുകളുടെ അടുത്തെങ്കിലും നിന്റെ ബ്ലോഗ് എത്തിയിട്ടുണ്ടോ?“


“ശരിയാണു ചേട്ടാ..ഞാൻ ഒരു നല്ല എഴുത്തുകാരനല്ല..നല്ല ശൈലിയൊ വാക്കുകളോ ആശയമോ എനിക്കില്ലപക്ഷേ..“


“എന്തോന്നു പക്ഷേ.”


“ഞാൻ പറയാൻ കൊതിച്ചതു ഞാൻ പറഞ്ഞില്ലെൻകിൽ പിന്നാരു പറയും ചേട്ടാ..?”


“പിന്നേ.നീ പറഞ്ഞില്ലെങ്കി ഇവിടേതാണ്ടു സംഭവിക്കുമെന്ന പോലെ


“ഞാൻ പറഞ്ഞില്ലെങ്കി ഇവിടൊന്നും സംഭവിക്കില്ല ചേട്ടാ..അതു മാത്രമല്ല. ഞാൻ ജനിച്ചില്ലായിരുന്നെങ്കിലും ഇവിടൊരു മാറ്റവും ഉണ്ടാവുമായിരുന്നില്ല..”


“ഉം.ഫിലൊസഫി..കൊള്ളാം...രി.. നിന്റെ എഴുത്ത് അവിടെ നിക്കട്ടെ.. നീയെന്തിനാടാ ഈ കണ്ടതെല്ലാം വരച്ചു ബ്ലോഗിൽ ഇടുന്നതുനീയാരു എം എഫ് ഹുസൈനോ?... ചിത്രകലയുടെ ബാലപാഠങ്ങളെങ്കിലും നീപഠിച്ചിട്ടുണ്ടോ?...


“അതും ശരിയാപക്ഷെ എനിക്കു വരക്കുന്നതു ഇഷ്ടമാഅതു ആളുകളെ കാണിക്കുന്നതും ഇഷ്ടമാ..”


“വരക്കുന്നതിഷ്ടമാണെങ്കി നിനക്കു വരച്ചാൽ പോരേ അതെന്തിനാ എല്ലാരെയും കാണിക്കുന്നത്.. ഞങ്ങള്‍ക്കൊക്കെ കാണാൻ എത്രയൊ മികച്ച ചിത്രകാരന്മാരുണ്ടിവിടെ?


“അതിനൊരു ഉത്തരം തരാൻ എനിക്കു പറ്റുന്നില്ല ചേട്ടാ..എനിക്കതിഷ്ടമാണ് .അത്ര മാത്രം..

പിന്നെ ഈ ജീവിതം എന്നു പറയുന്നതു ശ്വസം അകത്തേക്കെടുക്കുന്നതിനും പുറത്തേക്കു വിടുന്നതിനു ഇടയിലുള്ള കുറച്ചു സമയമല്ലേ.. . അതിനിടയിൽ എന്തൊക്കെയോ കാട്ടിക്കൂട്ടുവാനുള്ള വെമ്പലാണെനിക്ക് ഞാനില്ലാതായാലും ന്റേതായി എന്തെങ്കിലുമൊക്കെ എനിക്കു നാളെക്കു ബാക്കി വയ്ക്കണം.പിന്നെ നാളെ ഞാൻ ഉണ്ടെങ്കി എനിക്കൊർക്കുവാൻ എന്തെങ്കിലുമൊക്കെ ഉണ്ടാവണം..

എനിക്കു സ്നേഹിക്കുവാനായി ഒരു “ഇന്നലെ” വേണം


“നിന്നോടു സംസാരിച്ചു എനിക്കു വട്ടു പിടിക്കുന്നു.. നീ എന്തു വേണേലും ചെയ്യ് നമ്മളെ ഉപദ്രവിക്കാതിരുന്നാൽ മതി


“ചേട്ടൻ പിണങ്ങാൻ പറഞ്ഞതല്ല. ഇതൊക്കെയാ ചേട്ടാ എന്റെ ജീവിതം..വളരെ കുറച്ചു മാത്രം അറിവേ ഉള്ളൂ കയ്യിൽ.കഴിവും വളരെ കുറവാ.. ഇതിൽക്കൂടുതലൊന്നും ഇതു വച്ചു ചെയ്യാനും കഴിയില്ല.. ഞാന് ഇങ്ങനെയങ്ങു പോകട്ടെ ഈ അജ്ഞാനിയുടെ ബ്ലോഗുമായി..”

Thursday, September 10, 2009

ഒരു ഊഞ്ഞാല്‍.. സന്തോഷത്തിന്റെ ഊഞ്ഞാല്..




"എന്തുവാ അണ്ണാ.. ഈ പ്രവാസികള്‍ക്കിപ്പോളും ഓണം കഴിഞ്ഞില്ലേ....?"

"പ്രവാസിയുടെ സങ്കല്‍പ്പങ്ങളിലെന്നും ഓണമാ അനിയാ...."

"എന്തരു അണ്ണാ ഇത് ... ?മനസ്സിലാവുന്ന പോലെ പറ..."

"ഡാ.... കൊച്ചനെ...പ്രവാസിക്കൊരു ജീവിതമുണ്ട്...പെട്ടന്ന് പറയാനാവാത്ത ഒരു പ്രത്യേക ജീവിതം...അവനൊരു ലോകമുണ്ട്...അകലെ കാത്തിരിക്കുന്ന പ്രിയപ്പെട്ടവരുടെ ഓര്‍മ്മകള്‍ നിറഞ്ഞ ഒരു ലോകം... "

"ഉം...... എന്നിട്ട്.......?


"ജോലിയും പിന്നെ താമസസ്ഥലവും മാത്രമായി നാളുകലങ്ങനെ കഴിയുമ്പോള്‍ ജീവിതം വെറുമൊരു ശ്വസോച്ച്വാസ പ്രക്രിയ മാത്രമായി മാറുന്നു... അതിനിടയില്‍ കഴിഞ്ഞു പോകുന്ന കാലത്തെപ്പറ്റിയും മടങ്ങി വരാത്ത നിമിഷങ്ങളെ കുറിച്ചും ആര്‍ക്കും ഓര്‍ക്കാന്‍ പോലും നേരം കിട്ടാറില്ല..."

" കഷ്ടം തന്നെ അല്യോ അണ്ണാ...."

"അതെയതെ.... പിന്നെ ഇതിനിടക്ക്‌ വരുന്ന ഓണമൊക്കെയാണ് ഗ്രിഹാതുരത്വത്തിന്റെ വേദന മനസ്സില്‍ നിറക്കുന്നത് ... കഴിവുള്ളവര്‍ ടിക്കെറ്റൊക്കെയെടുത്തു പ്രിയപ്പെട്ടവരുടെ അടുത്തേക്ക് പോകും..."

"അപ്പോള്‍ അവധി കിട്ടാത്ത ആളുകളൊക്കെ എന്ത് ചെയ്യും അണ്ണാ...?"

"ജീവിതമല്ലേ അനിയാ...എല്ലാ ദുഖവും കണ്ണടച്ചങ്ങു സഹിക്കും...തന്നെ മാത്രം ആശ്രയിച്ചു കഴിയുന്ന കുടുംബത്തെ ഓര്‍ക്കും...പിന്നെ... നമ്മുടെ കവി ചുള്ളിക്കാട് പറഞ്ഞപോലെ ആ ദുഖവും ഒരാനന്ദമാണ്....."

"ഇവരെങ്ങനെയാ അണ്ണാ ഓണം ഒക്കെ ആസ്വദിക്കുന്നത്......... ? "

" നമ്മുടെ നാട്ടിലെ പോലെ അത്തം പത്തിന് തന്നെ പ്രവാസിയുടെ മുറിയില്‍ ഓണം വരാറില്ല......"

"അതെന്തുവാ അണ്ണാ അങ്ങനെ...? കടലിനക്കരെ ആയതുകൊണ്ടാണോ......?.

"അതൊക്കെ അവധി ദിവസങ്ങളിലൊക്കെ ആയിരിക്കും..പിന്നെ കൂടാതെ ഇപ്രാവശ്യം നോമ്പുകാലം കൂടിയല്ലേ..."

"അങ്ങനെയാണല്ലേ...?"

"നോമ്പൊക്കെ കഴിഞ്ഞു എല്ലാരും പലയിടങ്ങളില്‍ ഒത്തു കൂടി കുട്ടിക്കാലത്തേക്ക് മടങ്ങിപ്പോകും...പൂക്കളങ്ങളും കൈകൊട്ടിക്കളികളും ഒക്കെ അവിടെ പുനര്‍ജനിക്കും..."

"അണ്ണന്‍ പറഞ്ഞത് ശരിയാണല്ലോ.. ഇത് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെ.."

"ഇപ്പോളെങ്കിലും നീ സമ്മതിച്ചല്ലോ.."

"അതൊക്കെ പോട്ടെ അണ്ണാ... അണ്ണനും ഒരു പ്രവാസിയല്ലെ.. അണ്ണന്റെ കാര്യവും ഇങ്ങനെ ആണോ...?

" ഗ്രിഹാതുരതയുടെ കാര്യത്തില്‍ എല്ലാ പ്രവാസിയും ഒരുപോലെയാ...ഈ "ഇച്ചിരിപ്പിടിയോളം " ജീവിതം മുഴുവനും ഉഷ്ണക്കാറ്റില്‍ കണ്ണിലേക്കു അടിച്ചു കേറുന്ന നനുത്ത മണല്‍തരികളെ കൈ കൊണ്ട് മറച്ചു ഒരു നിമിഷം നിറഞ്ഞു ഉരുകുപ്പോയ കണ്ണീര്‍ തുള്ളിയെ തുടച്ചു വിങ്ങലുകള്‍ നിറയുന്ന ഹൃദയത്തെ സ്വയം സ്വാന്തനിപ്പിച്ചു അടുത്ത നിമിഷത്തിലെക്കുള്ള യാത്ര..."

" അണ്ണാ.. വിഷമിക്കണ്ട... അണ്ണന്റെ ജീവിതം മുഴുവനും ഓണമാകട്ടെ..... അടുത്ത ഓണം വരെയും ആ സന്തോഷം നീളട്ടെ.."

"എനിക്ക് മാത്രമല്ല.. തിരുവോണം കഴിഞ്ഞെങ്കിലും മനസ്സില്‍ നിറയുന്ന ആ കൈകൊട്ടിക്കളിയുടെയും കൈകളില്‍ നിറഞ്ഞ പൂക്കളുടെയും സങ്കല്‍പ്പങ്ങളില്‍ നിറഞ്ഞ ഓലക്കുടയുടെയും സമൃദ്ധിയുടെയും ഓര്‍മകളില്‍ ഞങ്ങളും ആടട്ടെ.. ഒരു ഊഞ്ഞാല്‍.. സന്തോഷത്തിന്റെ ഊഞ്ഞാലില്‍..."

Sunday, August 23, 2009

മടങ്ങി വരാത്ത ശബ്ദങ്ങള്‍...






കഴിഞ്ഞ രണ്ടു മാസങ്ങള്‍..... മനസ്സിനെ മരവിപ്പിക്കുന്ന മരണത്തിന്റെ ഗന്ധമുള്ള മണല്കാറ്റ് കടന്നു പോയ നാളുകള്‍..... കാറ്റില്‍ കടപുഴകിയതു...മനസ്സാക്ഷി മരവിക്കാത്ത മലയാളിയുടെ മനസ്സിനെ തണുപ്പിച്ചു തണല്‍ വീശി നിന്ന വന്‍ മരങ്ങള്‍...പ്രണയത്തിന്റെ, പ്രത്യാശയുടെ, അടങ്ങാത്ത ജീവിത ദാഹത്തിന്റെ തണല്‍ വീശിയ വന്‍ മരങ്ങള്‍.. ..... തുടക്കം എവിടെ നിന്നായിരുന്നു.....
$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$

ആദ്യം മറഞ്ഞത് മന്ദഹാസമാണ്‌......
പര്‍ദ്ദക്കിടയിലൂടെ തെളിഞ്ഞ മൂക്കുതിയണിഞ്ഞ ഐശ്വര്യമാര്‍ന്ന മുഖം.....
കപടതയാര്‍ന്ന സമൂഹത്തിനെ മുഴുവന്‍ വെല്ലുവിളിച്ചു നീര്‍മാതളം പൂത്തകാലം പറഞ്ഞ കഥാകാരി.. പരയുവാനാഞ്ഞത്പറഞ്ഞു മാത്രം നിര്‍ത്തിയ കര്‍മ്മധീര....
ഇനിയുമാ
കഥകള്‍ കേള്‍ക്കാനവില്ലല്ലോ എന്നോര്‍ക്കുമ്പോള്‍
അറിയാതെ
നെഞ്ചിന്റെ ഇടതു ഭാഗത്തൊരു വേദന...


&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&



തനിയാവര്‍ത്തനം മുതല്‍ ഗ്രാമീണതയുടെ നിഷ്കളങ്ക മുഖം തെളിച്ചു നിന്ന കഥാകാരന്‍..... തന്റെ കൈ പിടിച്ചു വളര്‍ന്നവരില്‍ നിന്ന്‍ തന്നെ അവഗണനയുടെ കയ്പ് നീര്‍ കുടിക്കേണ്ടി വന്നപ്പോളും മാറാത്ത സ്നേഹത്തിന്റെ നിലപാടുകള്‍.... മനസ്സില്‍ ഒരു വേദന മാത്രം മാത്രം ബാക്കി... ജീവിച്ചിരുന്നപ്പോള്‍ എത്ര ഇഷ്ടപ്പെട്ടിരുന്നുവെന്നു ഞങ്ങള്‍ക്കു പറയുവാനായില്ലല്ലോ എന്ന വേദന.... എങ്കിലും എനിക്കറിയാം അങ്ങകലെ അവിടെ ഉറങ്ങാത്ത മനീഷി എല്ലാം തിരിച്ചറിയുന്നുണ്ടാവും... തനിക്കായി നുറുങ്ങിയ ഹൃദയങ്ങളെ കാണുന്നുണ്ടാവും. ..

*****************************************************************************************


വടു വീണ നെറ്റിക്ക് കീഴെ ഭാവങ്ങള്‍ മിന്നിമറഞ്ഞ കണ്ണുകള്‍.....
ശബ്ദത്തിലും ഭാവത്തിലും പൌരുഷം കാത്തു സൂക്ഷിച്ച അനുഗ്രഹീത കലാകാരന്‍..

കുറി തൊട്ട നെറ്റിയുമായി വിപ്ലവം പറഞ്ഞവന്‍...
വാക്കുകളില്‍ അറിവും പ്രവൃതിയ‌ില്‍ പക്വതയും കാണിച്ച അപൂര്‍വ പ്രതിഭ...

ഇപ്പോളും മുഴങ്ങുന്നു ആ ശബ്ദം കാതില്‍..
ഒരു മുഴക്കമായി... അതങ്ങനെ അലയടിക്കുകയാണ്...
മനസ്സിലൂടെ, ഓര്‍മകളിലൂടെ, കൂടുതല്‍ കൂടുതല്‍ കരുത്തോടെ...

@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@

ക്രൌര്യം നിറഞ്ഞ മുഖത്തുകൂടി വില്ലന്‍ കഥാപാത്രങ്ങള്‍ക്ക് പുത്തന്‍ രൂപം നല്‍കിയവന്‍....

തന്റെതായ ശൈലിയില്‍ ഹാസ്യത്തിന് പുതിയ ഭാവം നല്‍കിയവന്‍...

നാടകത്തിലെ കാട്ടുകുതിര....

സിനിമയിലെ കാര്‍ലോസ്...

എന്റെ വരകള്‍ക്ക് അപ്പുറത്തെ മുഖഭാവങ്ങള്‍...

ഓര്‍ക്കുവാനിനി ഓര്‍മ്മകള്‍ മാത്രം....

************************************************************************************
കാരുണ്യം സ്ഭുരിക്കുന്ന കണ്ണുകള്‍...

മാതാതീതനായ ആത്മീയ നേതാവ്....

രാഷ്ട്രീയത്തിന് അതീതനായ രാഷ്ട്രീയ നേതാവ്....

എല്ലാറ്റിനും ഉപരി എല്ലാര്‍ക്കും "തങ്ങളുടേത് " മാത്രമായ തങ്ങള്‍....

നഷ്ടപ്പെട്ടത്‌ എത്ര വലുതെന്നു കണക്കാക്കാനാകുന്നില്ല... ..
ബാക്കിയാവുന്നത് വേദനയും പിന്നെ ഓര്‍മകളും...


$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$

മരണം ഒരു അനിവാര്യത എന്ന് വീണ്ടും തിരിച്ചറിയുംപോളും അറിയാതെ മനസ്സു മോഹിക്കുന്നു... കുറച്ചു കൂടി ഇവര്‍ ഉണ്ടായിരുന്നെങ്കില്‍... ഇവിടെയൊക്കെ ശബ്ദങ്ങള്‍ മുഴങ്ങിയെന്കില്‍... ചിന്തകള്‍ വീണ്ടും പുഷ്പിച്ചിരുന്നെങ്കില്‍...

Friday, July 31, 2009

പാര കാണ്ഡം

തറയില്‍ ചെറിയ ഗോലിയുടെ വലിപ്പമുള്ള സിമന്റടര്‍ന്ന ചെറിയ കുഴിയില്‍ പെരു വിരല്‍ അമര്‍ത്തി ബെഞ്ചില്‍ അമര്‍ന്നിരുന്നു വലത്തേക്ക് ഞാനൊന്നു ആഞ്ഞു തള്ളി.. രക്ഷയില്ല അവന്മാര്‍ അതിലും ശക്തിയായി തിരിച്ചു തള്ളുകയാണ്..സാറൊന്ന് വേഗം വന്നിരുന്നെങ്കില്‍.. ഇവന്മാര്‍ ഇന്നു ശരിക്കും വഴക്ക് കൂടാനുള്ള പരിപാടി ആണെന്ന് തോന്നുന്നു.ഇവന്മാര്‍ക്കിത് സ്ഥിരം ഏര്‍പ്പാടാണ്..ഒരു ഷാജിയാണ് അവന്മാരുടെ നേതാവ്. എനിക്കിട്ടിടിക്കുവാണ് അവന്റെ ഏറ്റവും വലിയ വിനോദം. എല്ലാ ദിവസം വൈകിട്ട് ഒരിടിയെന്കിലും ഉറപ്പാണ്‌..
സാറിനോട് പറയാമെന്നു വച്ചാല്‍ അന്ന് ഇടിയുടെ എണ്ണം കൂടുതലായിരിക്കും. കൂട്ടത്തില്‍ ചെറുതാണെന്ന് കരുതി ഇങ്ങനെ ഇടിക്കാന്‍ പാടുണ്ടോ...മോഹന്‍ലാല്‍ ആണെന്ന് പറഞ്ഞാണ്‌ ഇടി. എന്തൊരു അന്യയമാണിത്..ഇപ്പോള്‍ അവന്റെ കൂഒടെ മോഹന്‍ലാല്‍ മാര്‍ കൂടി വരുവാണ്. കഴിഞ്ഞ ദിവസം എന്റെ കൂട്ടുകാരന്‍ സുനിലും അവന്റെ കൂടെ കൂടിയിരിക്കുന്നു. അവന്‍ ചോദിക്കുന്നത് ഞാന്‍ കേട്ടതാണ്
" എടാ ഇന്നു ഉദയനിട്ടു കൊടുക്കണ്ടേ" എന്ന്. അവന് അവന്റെ പെന്‍സില്‍ കൊണ്ടു എന്നെ കുത്തുകയാണ് വിനോദം...ചിലപ്പോള്‍ ഓരോ ഇടിയിലും നക്ഷത്രങ്ങളുടെ മുഴുവനും കണക്കു എടുത്തിട്ടുണ്ട് ഞാന്‍...

എന്തായാലും ഷാജിയുടെ കൂടെ കൂട്ട് ചേര്‍ന്ന് ഞാന്‍ തടി രക്ഷിച്ചു...അവന്റെ കൂടെ കൂടിയതില്‍ പിന്നെ മറ്റുള്ളവര്‍ക്ക് എന്നെ ഇടിക്കാന്‍ അത്ര ധൈര്യമില്ലാതായി.

നാളുകള്‍ ഓടിപ്പോയി.. മൂന്നാം ക്ലാസ്സില്‍ പുതിയ വില്ലന്മാരെ കിട്ടി.. ടിന്ടോ ആയിരുന്നു നേതാവ്‌.. പരിചയപ്പെടുമ്പോള്‍ ആദ്യം ചോദിക്കുന്നത് നീ ടിന്റൊയുടെ കക്ഷി ആണോ എന്നാണ്.. ടിന്ടോക്ക് കുറെ ചേട്ടന്മാര്‍ അവിടെ ഉണ്ടായിരുന്നു. അതാ അവനിത്ര ബലം.അവനെ ആരെങ്കിലും എന്തെങ്കിലും ചെയ്താല്‍ ചേട്ടന്മാരെല്ലാം കൂടി വരും. അത് കൊണ്ടു എല്ലാര്ക്കും അവനെ കുറച്ചു പേടിയാണ്. 3 B ക്കാരുമായി വഴക്കുണ്ടകുമ്പോള്‍ അവനാരുന്നു നേതാവ്.. റബ്ബര്‍ ബാന്‍ഡില്‍ മടക്കിയ കടലാസ് വച്ചു എയ്തു ഇടുന്നതായിരുന്നു പ്രധാന ആയുധം. അങ്ങനെ കൊണ്ടും കൊടുത്തും (കൊടുത്തെന്നു ഒരു ഭംഗിക്ക് വേണ്ടി വെറുതെ പറഞ്ഞതാ...കൊള്ളലാരുന്നു എന്റെ മുഖ്യ ഇനം...) മൂന്നാം ക്ലാസ്സ് കടന്നു കൂടി.

നാലില്‍ വച്ചാണ് ശൈശവ പ്രണയം കണ്ടതും അതിനൊരു പാര (ജീവിതത്തിലെ എന്റെ ആദ്യ പാര ) വച്ചതും..ക്ലാസ്സിലെ ഒന്നാം സ്ഥാനക്കാരോട് പണ്ടു മുതലേ എനിക്കൊരു അസൂയ ഉണ്ടായിരുന്നു..ഇപ്പോള്‍ ഇവിടെ കൂടെ പഠിക്കുന്ന ഏറ്റവും നന്നായി പഠിക്കുന്ന ചെറുക്കനു ഏറ്റവും നന്നായി പഠിക്കുന്ന പെണ്ണിനോട് എന്തോ ഒരു ഇത്....നല്ല ഉടുപ്പും ഒക്കെയിട്ട് വരുന്ന ആ വെളുത്ത കൊച്ച് ഒരു കൊച്ച് സുന്ദരി ആയിരുന്നു കേട്ടോ....

നമ്മുടെ കൂട്ടുകാരന്‍ ഇടക്കിടെ പറയും.. അവളെ വലുതാവുമ്പോള്‍ ഞാന്‍ കെട്ടും... (അഹങ്കാരി...മുട്ടയില്‍ നിന്നും വിരിഞ്ഞില്ല )...ഞങ്ങള്‍ കേട്ട് ചിരിക്കും.. ഇതൊന്നും അവള്‍ക്കരിയില്ലാരുന്നു കേട്ടോ.....
ഇവനെ ഇങ്ങനെ വിട്ടാല്‍ പറ്റില്ലെന്ന് ഞങ്ങള്‍ വിചാരിച്ചു...ക്ലാസ്സിലെ പഠിക്കുന്ന കൊച്ചായതിനാല്‍ അവളുടെ കയ്യക്ഷരം ഞങ്ങള്‍ക്ക് നല്ല പരിചയമായിരുന്നു.....

നമ്മുടെ കൂടുകാരന്‍ പുറത്തു പോയ ഒരു ദിവസം...മറ്റു വില്ലന്മാര്‍ കേട്ടെഴുത്ത് ബുക്കിന്റെ ഒരു പേജ് കീറി എന്റെ കയ്യില്‍ തന്നു. മഷിപ്പേന കയ്യിലെടുത്തു വളരെ പണിപ്പെട്ടു ഞാനൊരു എഴുത്ത് അവളുടെ കയ്യക്ഷരത്തില്‍ താഴെ പറയുന്നപോലെ "വരച്ചു"

"എടാ നീ എന്നെ കെട്ടുമെന്ന് പറഞ്ഞു നടക്കുന്ന കാര്യം ഞാന്‍ അറിഞ്ഞു..ഇനി അങ്ങനെയെങ്ങാനും പറഞ്ഞാല്‍ നിന്റെ കാര്യം ഞാന്‍ ടീച്ചറിനോട് പറയും. പപ്പയോടും പറയും.നിന്നെ പപ്പാ ശരിയാക്കും.."

ഇങ്ങനെയൊക്കെ എഴുതി പേപ്പര്‍ മടക്കി നമ്മുടെ കൂട്ടുകാരന്റെ പുസ്തകത്തില്‍ വച്ചു...ആരോടും ഇക്കാര്യം പറയരുതെന്ന് പരസ്പരം പറഞ്ഞു.. കൂട്ടുകാരന്‍ കയറി വന്നപ്പോള്‍ ചിലര്‍ അമര്‍ത്തി ചിരിച്ചു. ഞാന്‍ സൂത്രത്തില്‍ അവനോടു പറഞ്ഞു നമ്മുടെ സുന്ദരികൊച്ചു അവന്റെ പുസ്തകത്തില്‍ എന്തോ പേപ്പര്‍ വയ്ക്കുന്നത് കണ്ടെന്ന്..

ആ പേപ്പര്‍ എടുത്തു വായിച്ചപ്പോലത്തെ അവന്റെ മുഖഭാവം ഞാനിന്നും മറന്നിട്ടില്ല.
എന്നിട്ടൊരു ചോദ്യം.. ദൈന്യതയോടെ...

" എടാ ഇത് ശരിക്കും കുഴപ്പമാകുമോടാ"

ഞങ്ങള്‍ അവനെ സമാധാനിപ്പിച്ചു.. ഇനി അവളെക്കുറിച്ച് ഒന്നും പറയാതിരുന്നാല്‍ മതിയെന്ന്. അവന് പിന്നെ നമ്മുടെ കൊച്ച് സുന്ദരിയുടെ സീറ്റിലേക്ക് നോക്കാന്‍ പോലും പേടിയാരുന്നു..

ഇതൊക്കെ കഴിഞ്ഞു മനസ്സില്‍ ക്രൂരമായ ആനന്ദത്തോടെ ഇരുന്നപ്പോളാണ് ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ബിനു പണി പറ്റിച്ചത് .. അവന് ഞാന്‍ എഴുതിയതെന്തെന്നോ എന്തിനെന്നോ അറിയില്ലാരുന്നു. ഞാന്‍ കൊച്ച് സുന്ദരിയുമായി ബന്ധമുള്ളത് എന്തോ ആണ് എഴുതിയതെന്നു മാത്രം അറിയാമായിരുന്നു..

അവന്‍ ടീച്ചര്‍ വന്നപ്പോള്‍ അടുത്ത് ചെന്നു പറയുവാ...


" ടീചെരെ...ഉദയന്‍ _________നു.. പ്രേമലേകണം കൊടുത്തു...." ഞാന്‍ ഇത് കേട്ട് തരിച്ചിരിക്കുവാന്.. മറ്റുള്ളവര്‍ക്കൊന്നും മനസ്സിലായില്ല. അടി കിട്ടുമെന്ന് തന്നെ ഞാന്‍ ഉറപ്പിച്ചു...

ടീച്ചര്‍ ചാടി മേശപ്പുറത്തിരുന്ന ചൂരല്‍ വടി വലിച്ചെടുത്തു...എന്നിട്ട് ബിനുവിന്റെ നിക്കര്‍ വലിച്ചു പിടിച്ചു തുടയില്‍ "പട..പട " എന്ന് മൂന്നാലടി....എന്നിട്ട് പറഞ്ഞു..

" അമ്പട...മുട്ടയില്‍ നിന്നു വിരിഞ്ഞില്ല . അതിന് മുന്പേ വഷളത്തരം പറയുന്നോ..."

ഈ സംഭവത്തോടെ അവനും മതിയായി.. എനിക്കും മതിയായി നമ്മുടെ കാമുകക്കുട്ടിക്കും മതിയായി...

ഇത് എന്റെ ബാല്യകാല പള്ളിക്കൂട വിലാസങ്ങളില്‍ മായാതെ നര്‍മം വിതറി നില്ക്കുന്ന ഓര്‍മയാണ്...

ഇപ്പോള്‍ നോക്കുമ്പോള്‍ ഒരു സിനിമ പോലെ..അടിയുണ്ട്... ഇടിയുണ്ട്.. പ്രേമമുണ്ട്.. വില്ലനുണ്ട്...പാട്ടിനു മാത്രമെ ഒരു കുറവുള്ളൂ...

Friday, July 24, 2009

വാകമരപ്പൂക്കള്‍ വീണ വഴി...

വാക മരപ്പൂക്കള്‍ വീണ ആ വഴിയിലൂടെ ചെറിയ കുടയും ചൂടി നടക്കുമ്പോള്‍ മനസ്സില്‍ നിറയെ ആകാംക്ഷയും അതോടൊപ്പം സന്തോഷവുമായിരുന്നു. വഴിയില്‍ നിറയെ ചെളിവെള്ളം . പുതിയ ഷര്‍ട്ടിന്റെ പുറകില്‍ വരെ ചെളിവെള്ളം തെറിക്കുന്നുണ്ട്.... അതൊന്നും ഒരു പ്രശ്നമായിരുന്നില്ല. .. അപ്പോളും മഴ ചാറുന്നുണ്ടായിരുന്നു... കൂടെ അമ്മയും പെങ്ങളുമുണ്ട്... എന്തായിരിക്കും സ്ക്കൂളില്‍ ഉള്ളത്...... ചേട്ടന്മാരെയും ചേച്ചിമാരെയും പോലെ ഒത്തിരി പുസ്തകങ്ങളും ഒക്കെ പിടിച്ചു കൊണ്ടു സ്കൂളില്‍ പോകണമെന്നായിരുന്നു ആഗ്രഹം. ആദ്യത്തെ ദിവസമാണെന്ന് പറഞ്ഞു അതൊന്നും അമ്മ തന്നില്ല.. അതിന്റെ ഒരു ദേഷ്യവും സങ്കടവുമൊക്കെ മനസ്സിലുണ്ട്...

ഈ നടപ്പൊന്നു തീരുന്നില്ലല്ലോ... ഒത്തിരി സമയം ആയപോലെ തോന്നി.. സ്കൂളിലേക്ക് ഇനിയും ഒരു പാടു ദൂരം ഉണ്ടോ? കൂടെ നടക്കുന്ന ചേച്ചിമാര്‍ക്കും ചേട്ടന്മാര്‍ക്കും വലിയ മടുപ്പൊന്നും കാണുന്നില്ല..

അകലെ പള്ളികൂടം കണ്ടപ്പോള്‍ മനസ്സിലൊരു പൂത്തിരി പോലെ.. ഒരാരവം ചെവിയിലേക്കെത്തി... അവിടവിടായി ഓടിക്കളിക്കുന്ന ചേട്ടന്‍മാരും ചേച്ചിമാരും .. ഇനി മുതല്‍ ഞാനും ഇവിടെയീ പള്ളിക്കൂടത്തിലാണ്‌.... ഒന്നാം ക്ലാസ്സില്‍ ആണെങ്കിലുംഇനി മുതല്‍ എനിക്കും കുടയും പുസ്തകങ്ങളുമായി പള്ളിക്കൂടത്തില്‍ പോകാമല്ലോ..ഓര്‍ത്തപ്പോള്‍ തന്നെ വലിയ സന്തോഷം തോന്നി..

അമ്മയൊക്കെ എന്നെ തനിച്ചാക്കി തിരിച്ചു പോകുന്നത് കണ്ടപ്പോള്‍ കുറച്ചു സങ്കടം തോന്നി.കുറച്ചു പിള്ളേര്‍ ഉച്ചത്തില്‍ കരയുന്നുമുണ്ട്... ക്ലാസിലേക്ക് വരാന്‍ പോകുന്നത് കറിയ സാര്‍ ആണെന്ന് ആരോ പറഞ്ഞു.. നല്ല അടി തരുന്ന സാര്‍ ആണെന്നാണ് അപ്പുറത്തെ വീട്ടില്‍ അഭിലാഷ്‌ പറഞ്ഞത്. (അഭിലാഷും ഞാനും ഒരു ദിവസം ജനിച്ചതാണ് കേട്ടോ..അവനെ ഒരു വര്‍ഷം നേരത്തെ പള്ളിക്കൂടത്തില്‍ ചേര്‍ത്തതാണ്... അന്ന് തുടങ്ങിയതാണ്‌ അവനോടുള്ള അസൂയ).

മെലിഞ്ഞ കറിയ സാര്‍ ക്ലാസ്സില്‍ കേറി വന്നപ്പോള്‍ ശരിക്കും പേടി ആയിരുന്നു...

ദിവസങ്ങള്‍ അങ്ങനെ ഓടി പോകുന്നു... സാറിന്റെ അടി ഇടക്കിടെ കൊള്ളാറുണ്ട്..സാര്‍ പറയും ഉദയന് ചെണ്ടക്കപ്പയുടെ കാര്യം മാത്രമെ ഓര്‍മയുള്ളൂ എന്ന്. അതിന് കൂട്ടുകാരുടെ കളിയാക്കലും ഇഷ്ടം പോലെ കേള്‍ക്കാറുണ്ട്....എന്തൊരു നാണക്കേട്‌...ഇതൊക്കെ പെട്ടന്ന് കാണാതെ പഠിക്കാനുള്ള എന്തെങ്കിലും മന്ത്രം ആരെങ്കിലും പറഞ്ഞു തന്നെന്കിലെന്നു അറിയാതെ ആശിച്ചു പോയി.. ......

ആദ്യത്തെ താല്‍പ്പര്യമൊക്കെ പെട്ടന്ന് പോയി....ഇപ്പോള്‍ സ്കൂളില്‍ എങ്ങനെ പോകാതിരിക്കാന്‍ പറ്റും എന്നതിലായി ഗവേഷണങ്ങള്‍.. എല്ലാ ദിവസവും രാവിലെ കുറെ കരച്ചിലൊക്കെ പാസാക്കി നോക്കും. ഒരു കാര്യവും ഉണ്ടായില്ല..

പള്ളിക്കൂടം വിട്ടു അവിടെയും ഇവിടെയും ഒക്കെ കറങ്ങി വീട്ടില്‍ എത്തുമ്പോള്‍ അതിനു വഴക്ക് വേറെ..മാങ്ങയൊക്കെ പഴുക്കുന്ന കാലമായപ്പോള്‍ താമസം കൂടും. വീട്ടില്‍ നിന്നും അടിയുടെ എണ്ണവും കൂടാറുണ്ടായിരുന്നു........
വാകമരപ്പൂക്കള്‍ താമസിയാതെ തന്നെ കരിഞ്ഞു....മഴയൊക്കെ മാറി.. വഴികള്‍ തെളിഞ്ഞു....ഇനിയും ഒത്തിരിയുണ്ട് പറയാന്‍.. ഓര്‍മ്മകള്‍ തെളിഞ്ഞു വരികയാണ്‌....
അത് പിന്നീട് പറയാം...

ഓര്‍മയിലെ പടയാളി...ചെ....


കുറച്ചു നാള്‍ ആയി ബ്ലോഗില്‍ പുതിയ പോസ്റ്റ് എന്തെങ്കിലും ഇടണമെന്ന് വിചാരിച്ചിട്ട്..

ബോഗിലെ പുലികളുടെ പോസ്റ്റുകള്‍ കാണുമ്പോള്‍ അറിയാതെ മുട്ട് വിറക്കും...

വ്യത്യസ്ഥമായി എന്തെങ്കിലും എഴുതണമെന്നു വച്ചാല്‍ വല്ലതും മനസ്സില്‍ നിന്നും വരണ്ടേ...ഒത്തിരി ആലോചിച്ചു..തല കുത്തി നിന്നു ആലോചിച്ചു...

ഇന് രാവിലെ എഴുന്നേറ്റപ്പോള്‍ ഭിത്തിയില്‍ പതിച്ചിരിക്കുന്ന ചെഗുവേരയുടെ ഫോട്ടോയില്‍ കണ്ണ് പതിഞ്ഞു..മനസ്സിലൊരു മിന്നല്‍ ...

പഴയ മുറിപ്പെന്‍സില്‍ തപ്പി എടുത്തു കടലാസ്സിലൊരു പ്രയോഗം...തല്‍ക്കാലത്തേക്ക് ഒന്നു പോസ്റ്റ് ചെയ്യാന്‍ ഇതു മതിയെന്ന് തോന്നുന്നു..( എനിക്ക് തോന്നിയതാ കേട്ടോ..)

ക്യൂബയിലും പിന്നെ ബൊളീവിയന്‍ കാടുകളിലും യുവത്വത്തിന്റെ വിപ്ലാവാവേശം വാരി വിതറിയ ഇതിഹാസത്തെ ഓര്‍ക്കാന്‍ ഒരു കാരണവുമായി...

Friday, July 10, 2009

കല്‍‌പനാ ചൌള.. ഓര്‍മയിലെ പുസ്തകത്തില്‍ നിനക്കായി ഒരു page....

സങ്കല്‍പ്പ മലയാളി സുന്ദരി.............


സങ്കല്‍പ്പ സുന്ദരി എന്ന് പറഞ്ഞതു എന്‍റെ മനസ്സിലെ സങ്കല്‍പ്പമായത് കൊണ്ടു മാത്രമല്ല.. നീണ്ടിടതൂര്‍ന്ന മുടിയുമായി തുളസിക്കതിരിന്റെ നൈര്‍മല്യമുള്ള പെണ്ണ് കഥകളില്‍ മാത്രമാവുമ്പോള്‍ നഷ്ടപ്പെട്ട ഒരു സംസ്കാരത്തിന്റെ നഷ്ടബോധത്തില്‍ നിന്നാണീ സങ്കല്പം...

Thursday, July 2, 2009

സ്നേഹപൂര്‍വ്വം കൂട്ടുകാരന്....

ബ്ലോഗ് ലോകത്തില്‍ ഒരു തുടക്കക്കാരെനെന്ന നിലയില്‍ ഒരു പോസ്റ്റിങ്ങ്‌ നടത്തുകയാണ്‌.. ഞാന്‍ ബിരുദാനന്തര ബിരുദം ചെയ്ത ഉഴവൂര്‍ കോളേജിന്റെ പൂര്‍വവിദ്യര്ധി സംഗമത്തിന്റെ ആവേശത്തില്‍ എഴുതിയതാണിത്...



എസ്തപ്പാന്‍സിലെ എന്‍റെ പ്രിയ കൂട്ടുകാരാ...

സുഖം തന്നെയെന്ന്‌ വിചാരിക്കട്ടെ... മരുഭൂമിയിലെന്കിലും എനിക്ക് ജീവിതം സുഖകരമാണ്... ജീവിതത്തിന്റെ പരക്കം പാച്ചിലിനിടയില്‍ മറഞ്ഞു പോയേക്കാവുന്ന സൌഹൃദതെക്കുരിച്ചു നമ്മള്‍ ഭയപ്പാടോടെ ചര്‍ച്ച ചെയ്തിരുന്നത് നീ ഓര്‍ക്കുന്നുണ്ടോ... St. Stephensil അന്ന് നിറം മങ്ങിയ വേഷമെങ്കിലും നിരപ്പകിട്ടെരിയ ജീവിതനുഭവങ്ങളുമായി നമ്മള്‍ ഒന്നിച്ചു തോളില്‍ കൈ ഇട്ടു നടന്ന നാളുകള്‍ എന്നും ഗ്രിഹാതുരതയോടെ ഞാന്‍ ഓര്‍ക്കാറുണ്ട്....കാലങ്ങളേറെ കഴിഞ്ഞു പോയെങ്കിലും നമ്മുടെ സൗഹൃദം ഇന്നും അതുപോലെ തന്നെ നില്‍ക്കുന്നു... കാലത്തിനു മുന്‍പില്‍ നമ്മുടെ കലാലയം നല്‍കിയ ചിന്തകളും അനുഭവങ്ങളും ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നു...

നീണ്ട ബസ്‌ യാത്രകല്‍ക്കൊടുവില്‍ കോളെജിലേക്ക് വേഗം നടക്കുമ്പോള്‍ മനസ്സില്‍ നിറയെ ക്ലാസ്സിനെക്കലേറെ വരച്ചു തീരാറായ ചിത്രങ്ങളും എഴുതിത്തീരാത്ത കവിതകളും പിന്നെ ഇനിയും അടുക്കിവക്കാത്ത മാസികയുടെ താളുകളായിരുന്നു... .. എല്ലാം നീ മറന്നു കാണുമോ എന്നെനിക്കറിയില്ല... എങ്കിലും അന്ന് ഒരു പാട് ദിവസങ്ങളില്‍ മുന്പിലെരിയുന്ന ഇലക്ട്രിക്‌ വിളക്കിന്റെ വെളിച്ചത്തില്‍ അരികിലിരിക്കുന്ന കട്ടന്‍ കാപ്പിയുടെ ഉന്മേഷത്തില്‍ നമ്മള്‍ വരച്ചു തീര്‍ത്ത ചിത്രങ്ങളും നിന്റെ കവിതകളും വാക്കുകളും വീണ്ടും ഒന്നുകൂടി കാണണമെന്ന് കരുതി ഞാന്‍ ഒരിക്കല്‍ക്കൊടി നമ്മുടെ ഇടനാഴിയിലൂടെ വായനശാലയിലേക്ക് നടന്നു... അവിടുത്തെ അലമ്മാരയില്‍ നിറം മങ്ങിയെങ്കിലും തലയുയര്തി ഇരുന്ന നമ്മുടെ മാസികയിലേക്ക്‌ വിവേചിച്ചറിയാത്ത ഒരു വികാരത്തോടെയാണ് ഞാന്‍ നോക്കിയത്.. കാലം മാത്രമേ മാറിയിട്ടുള്ളൂ...ഞാനും നീയും ഒക്കെ അതുപോലെ തന്നെയെന്ന്‌ ഞാന്‍ തിരിച്ചറിയുകയായിരുന്നു...

ജീവിതത്തിന്റെ അലച്ചിലില്‍ UAE യില്‍ എത്തിപ്പെട്ടപ്പോള്‍ ഞാന്‍ കരുതി നമ്മുടെ ആ മനോഹര ദിവസങ്ങള്‍ ഇവിടുത്ത യന്ത്രികജീവിതതിനിടയില്‍പ്പെട്ടു ചതഞ്ഞരഞ്ഞു പോകുമെന്ന്.. പക്ഷെ എന്‍റെ കൂട്ടുകാരോടൊപ്പം എനിക്ക് കാണാന്‍ കഴിഞ്ഞത് നമ്മുടെ ആ കലാലയത്തിന്റെ ഊഷ്മള സ്മരണയില്‍ ജീവിതത്തെ സുഗന്ധപൂരിതമാക്കുന്ന കുറെയേറെ എസ്തപ്പന്‍സ്‌മാരെയാണ്......എല്ലാവരും തിരക്കിട്ട് വീട്ടിലേക്കു മടങ്ങുന്ന വേളകളിലും ദിവസം മുഴുവനും ചെയ്ത ജോലിയുടെ ക്ഷീണം മറന്നു എസ്തപ്പന്സിലെ പൂര്‍വവിദ്യര്ധികളെ ഒരുമിപ്പിക്കാന്‍ എത്തിയിരുന്ന ഫോണ്‍ വിളികള്‍ ആഹ്ലാദതിലുപരി അത്ഭുതമാനുണ്ടാക്കിയത്.....വിവിധ emirates കളില്‍ നിന്ന് വന്നെത്തുന്ന എസ്തപ്പന്സിന്റെ പഴയ പടയാളികലെക്കുരിച്ചു നിന്നോട് ഞാന്‍ പലതവണ പറഞ്ഞിട്ടുണ്ട്... എങ്കിലും ഇനിയുമെരെയുണ്ട് പറയാന്‍...ഞങ്ങള്‍ ഇന്നലെ വീണ്ടു ഒന്നിച്ചു കൂടി... അവിടെ കൂടി നിന്ന മുഖങ്ങളില്‍ കണ്ട ചെറുപ്പത്തിന്റെ തിളക്കം എനിക്ക് പറയാനറിയില്ല....തുള്ളിച്ചാടുന്ന കുട്ടികള്‍ക്കിടയില്‍ അതിലേറെ ആവേശത്തോടെ തുള്ളുന്ന അവരുടെ പപ്പാ മാരും അമ്മ മാരും...... അതൊരു പ്രത്യേക ലോകമായിരുന്നു കൂട്ടുകാരാ...എസ്തപ്പന്സിന്റെ അരികിലെ ചാഴികാട്ടു ഹാളില്‍ നമ്മളനുഭവിച്ച ആവേശത്തിന്റെ ആഹ്ലാദത്തിന്റെ അതേ ലോകം.... അവിടെ ഉള്‍ക്കൊണ്ട ആവേശം പുതിയ ഒരു നാളേക്ക് കൂടുതല്‍ ആവേശമാകുന്നു.. എനിക്ക് വീണ്ടും വയസ്സ് കുറഞ്ഞെന്നു തോന്നുന്നു.. എനിക്ക് വെറുതെ ഒരു happy new year പറയാന്‍ തോന്നുന്നു... ഞങ്ങള്‍ക്കിത്‌ ഒരു ന്യൂ ഇയര്‍ തന്നെ യാണ്.. ഇംഗ്ലീഷ് കാരന് മാത്രമേ പുതിയ വര്‍ഷം ഉണ്ടാക്കാന്‍ പാടുള്ളൂ എന്നൊന്നും ഇല്ലല്ല്ലോ...

അത് കൊണ്ട് ഞാന്‍ എല്ലാ കൂട്ടുകാര്‍ക്കും ഒരു happy new year ആശംസിക്കുകയാണ്......ഒരു പുതിയ ഉണര്‍വിന്റെ , പുതിയ ആവേശത്തിന്റെ,... വീണ്ടുമൊരു കൗമാരത്തിന്റെ.. നിറമണിഞ്ഞ സ്മരണകളുടെ ഒക്കെ ഒരു പുതു വര്‍ഷം..
നീ നമ്മുടെ എല്ലാ കൂട്ടുകാരെയും എന്‍റെ പുതുവര്‍ഷ ആശംസകള്‍ അറിയിക്കുക...


നിനക്കോര്‍മ്മയുണ്ടോ നമ്മള്‍ നടന്ന ആ വഴികള്‍.....




അപ്പാപ്പന്‍സിന്റെ മുന്‍പില്‍ നിന്നും നമ്മള്‍ കണ്ട നമ്മുടെ എസ്തപ്പനോസ്....

നമ്മുടെ കൈ എഴുത്ത് മാസികകള്‍....


നീ ഓര്‍ക്കുന്നുണ്ടോ ചഴികാട്ടു ഹാളിന്റെ ഈ മുഖം....

സുന്ദരിമാരുടെ കാലോച്ചക്ക് കാതോര്‍ത്ത കൈവരികല്....


നിന്നാണ് നമ്മുടെ മുദ്രാ വാക്യങ്ങള്‍ മുഴങ്ങിയത്...



ഓ....എനിക്ക് കുറച്ചു പണികള്‍ ബാക്കിയുണ്ട്...ബാക്കി കഥകള്‍ പിന്നെ പറയാം.. വീണ്ടും താമസിയാതെ കാണാന്‍ കഴിയുമെന്ന വിശ്വാസത്തോടെ....


സസ്നേഹം സ്വന്തം കൂട്ടുകാരന്‍...