Wednesday, November 3, 2010

പുസ്തകങ്ങള്‍ ഒഴിയാത്ത കയ്യുമായി മാത്യു സാര്‍ കടന്നു പോയി..

പുസ്തകങ്ങള്‍ ഒഴിയാത്ത കയ്യുമായി മാത്യു സാര്‍ കടന്നു പോയി..



മെലിഞ്ഞു നീണ്ട് ഉയരം കൂടിയ ആ ശരീരം ക്ലാസ് മുറിയുടെ പ്ലാറ്റ് ഫോമിനു മുന്നിലെ മേശമേല്‍ ഒരല്പം ചാരി ഇടം കൈ മാറില്‍ കെട്ടി വലം കയ്യില്‍ പുസ്തകം മടക്കി ഉയര്‍ത്തിപ്പിടിച്ചു പാഠ ഭാഗം വിശദീകരിക്കുന്ന മാത്യു സാര്‍. ..ഓര്‍മയില്‍ മുഴങ്ങി നില്‍ക്കുന്ന ശബ്ദം..

ഇട മുറിയാത്ത വാക്കുകളുടെ പ്രവാഹമായിരുന്നു ആ ക്ലാസ്സുകള്‍ .സംസാരതിനിടയില്‍ ഇടയ്ക്കിടെ വാക്കുകളുടെ താളത്തിനൊത്ത് ആ കയ്യുയരും.. മനസ്സിനെ ഒഴുക്കുന്ന വാക്കുകള്‍ക്ക്‌ ഒരു തുഴകോല്‍ എന്ന പോലെ അതങ്ങനെ ചലിക്കും..




"അയാള്‍ അവിടെയൊരു വിത്ത് നട്ടു..
ആ വിത്ത് വളര്‍ന്നു..
അതൊരു മരമായി..
മരത്തില്‍ പക്ഷികള്‍ വന്നു..
കൂടൊരുങ്ങി..
പിന്നീടെപ്പോളോ
പക്ഷികള്‍ പറന്നു പോയി..
ഇലകള്‍ കൊഴിഞ്ഞു പോയി..
കൊഴിഞ്ഞ ഇലകള്‍ക്കിടയില്‍ പക്ഷികളുടെ തൂവലുകള്‍ ചിതറിക്കിടന്നു..
മരം ഉണങ്ങി..ആരുമറിയാതെ അത് മണ്ണില്‍ അലിഞ്ഞു.."


പാട്യ ഭാഗങ്ങള്‍ക്കിടയില്‍ ചിതറി വീഴുന്ന വാക്കുകളും ആ ശൈലിയും ഒക്കെ മറക്കാന്‍ ഈ ശ്വാസമുള്ള കാലത്തോളം ആവുമെന്ന് തോന്നുന്നില്ല..


കൈകളില്‍ എപ്പോളും പുസ്തകങ്ങളും ആയി നടക്കുന്ന മാത്യു സാര്‍ ഒരത്ഭുതമായിരുന്നു..ഉയരക്കാരനായ ആ മനുഷ്യന്‍ കടന്നു പോകുമ്പോള്‍ സംസാരിക്കാന്‍ ഒരല്‍പം ഭയമായിരുന്നു. ക്ലാസ്സുകളില്‍ എത്തിയാല്‍ ആളാകെ മാറും...അന്തരീക്ഷത്തെ സ്വന്തം വാക്കുകള്‍ക്കും ചിന്തകള്‍ക്കും ഒപ്പം ചലിപ്പിക്കാന്‍ ഒരസാധാരണ വൈഭവം ആയിരുന്നു സാറിന്‌..

മാത്യു പണിക്കര്‍ എന്ന പേരും ഒരു ചര്‍ച്ചാ വിഷയമായിരുന്നു.. മാത്യു എന്ന ക്രിസ്ത്യന്‍ പേരിനൊപ്പം പണിക്കര്‍ എങ്ങനെ വന്നു?



മേലുകാവിലെ ചെറിയ തണുത്ത കാറ്റ് വീശുന്ന ഒരു ദിവസം ക്ലാസ്സിനിടയില്‍ ആരോ ചോദിച്ചപ്പോള്‍ സാര്‍ പറഞ്ഞു.. അതൊരു സ്ഥാനപ്പേരാണ്..


പണ്ട് രാജാക്കന്മാരുടെ കാലത്ത് രാജാക്കന്മാര്‍ കല്‍പ്പിച്ചു കൊടുത്തതാനത്രേ.. ഇന്ന് ആ ശാഖയിലുള്ള ആളുകള്‍ പേരിനൊപ്പം പണിക്കര്‍ എന്ന പേരും ചേര്‍ക്കുന്നു..അതൊരു പുതിയ അറിവായിരുന്നു അന്ന്..



ക്ലാസ്സെത്ര മെച്ചമായാലും അലസനായിരിക്കുന്ന എന്‍റെ സ്വഭാവം ആ ക്ലാസ്സുകളിലും വ്യത്യസ്തമായിരുന്നില്ല.. ഒരു ദിവസം..മേശമേല്‍ ചാരിയിരുന്നു ഗദ്യ വിവരണം നടത്തുന്ന സാറിനെ ഞാന്‍ ഒരു കടലാസ്സില്‍ വരയ്ക്കാന്‍ ശ്രമിച്ചു.. നൂറിലധികം ആളുകള്‍ തിങ്ങിയിരിക്കുന്ന പ്രീ ഡിഗ്രി ക്ലാസ്സില്‍ ഏതാണ്ട് മധ്യ ഭാഗതായിരിക്ക്കുന്ന ഉയരം കുറഞ്ഞ എന്നെ സാര്‍ കാണുന്നുണ്ടാവില്ല എന്നായിരുന്നു ധാരണ.. സമയം കടന്നു പോയി.. ഏകദേശം ഒക്കെ വരച്ചു ഒപ്പിച്ചു...ഇടയ്ക്കു ഒന്ന് മുഖമുയര്‍ത്തി നോക്കിയപ്പോള്‍ എന്നെ തന്നെ നോക്കിയിരിക്കുന്ന മാത്യു സാര്‍..



നെഞ്ചിലുണ്ടായ ആളലില്‍ നാവും തൊണ്ടയും വരണ്ടു..


നീളമേറിയ ആ കൈകള്‍ എന്‍റെ നേരെ ചൂണ്ടി പറഞ്ഞു..


"ആ സ്കെച് ഇങ്ങു കൊണ്ട് വാ.."


വിറയ്ക്കുന്ന കാലടികളോടെ കയ്യിലിരുന്ന കടലാസ് സാറിന്‌ കൊടുത്തു..


പതുക്കെ കടലാസ്സില്‍ നോക്കിയിട്ട് ആ മുഖത്ത് പിശുക്കിയ ഒരു ചിരി..

അതെന്റെ മനസ്സില്‍ കുളിര്‍മഴ ആയി പെയ്തു..


"എനിക്കിത്രയും ഗ്ലാമര്‍ ഇല്ലല്ലോടോ.."


ഭാഗ്യം സാര്‍ വേറൊന്നും പറഞ്ഞില്ലല്ലോ..

ആ ചിത്രം കുറേക്കാലം എന്നോടൊപ്പം ഉണ്ടായിരുന്നു. പിന്നീടെപ്പോലോ നഷ്ടപ്പെട്ടു..


നാളുകള്‍ കഴിഞ്ഞപ്പോള്‍ മാര്‍ച്ചിലെ വിരഹത്തിന്റെ വേദനകള്‍ക്കിടയില്‍ സാര്‍ ഓട്ടോ ഗ്രാഫില്‍ എഴുതി.. ആരും എഴുതാത്ത ഒരു വാചകം..


"വരുമെന്ന് ഉറപ്പുള്ളത് ഒന്ന് മാത്രം.. മരണം "


വ്യത്യസ്തമായ ചിന്തകള്‍ വാക്യങ്ങളായപ്പോള്‍ മാത്യു പണിക്കര്‍ സാറിന്റെ വാചകങ്ങള്‍ അല്ഭുതമുണ്ടാക്കിയില്ല.. അതായിരുന്നു മാത്യു സാര്‍.


വ്യത്യസ്ഥനായി ചിന്തിച്ചു.. പറഞ്ഞു.... നടന്നു..
ഇപ്പോള്‍ കടന്നു പോയി..




ഇന്ന് രാവിലെ സുഹൃത്തിന്റെ ഇ മെയില്‍ കണ്ടപ്പോള്‍ അറിയാതെ ഞെട്ടി.. ഇന്നലെ വൈകിട്ട് ജീവിതം മതിയാക്കി ആ മനീഷി പറന്നു പോയി..


ആ ശരീരം അകന്നെങ്കിലും..



ആ ചിന്തകളും.. ശബ്ദവും . മങ്ങാത്ത ചിത്രങ്ങളായി ഞങ്ങളുടെ മനസ്സില്‍ ഉണ്ടാവും..


പ്രിയ സാറിന്‌ ആദരാഞ്ജലികള്‍ ..

Monday, September 27, 2010

ഹൃദയത്തില്‍ പടര്‍ന്ന സ്നേഹമുദ്ര




കോളേജിന്റെ പേരെഴുതിയ ബാനര്‍ ഉയര്‍ത്തിപ്പിടിച്ച് മഹിളാമണികള്‍ മുന്‍പേ നടന്നു.. പരമാവധി മലയാളിത്തം മനസ്സിലും പിന്നെ ശരീരത്തിലും നിറച്ച് എവിടെയോ നഷ്ടപ്പെട്ടെന്നു കരുതിയിരുന്ന ഊര്‍ജം വീണ്ടു കിട്ടിയ സന്തോഷത്തില്‍ ഉള്ളില്‍ നിന്നുയര്‍ന്ന ഗാനങ്ങളുടെ താളത്തില്‍ അറിയാതെ ഒഴുകി , മനസ്സും ഒപ്പം ശരീരവും.. ദുബായിലെ അല നാസര്‍ ലെയ്ഷാര്‍ ലാന്‍ഡിലെ ഐസ് നിറഞ്ഞ ചവിട്ടടികളിലൂടെ ആട്ടവും പാട്ടവുമായി തെയ്യം, കഥകളി രൂപങ്ങളും പുലികളും ഒക്കെ തകര്‍ത്താടി..കടും പച്ച നിറമുള്ള പരവതാനി വിരിച്ച തറയിലൂടെ നടക്കുമ്പോള്‍ ഇരു വശങ്ങളിലും ഉള്ള കാഴ്ചക്കാരുടെ ശ്രദ്ധ ആക്ഷിക്കാന്‍ പരമാവധി ഉച്ചത്തില്‍ പാട്ടുകളും കലാലയ  കാലത്തെ പാട്ടുകള്‍  ഏറ്റു പാടി..തൊണ്ടയില്‍ നിന്നും ശബ്ദം പുറത്തേക്കു വരുന്നില്ലെന്ന് തോന്നി.
ഒരു റൌണ്ട് വച്ച് സ്റെജിനു അടുതെതിയപ്പോള്‍ ഉച്ചസ്ഥായിയിലായി കോളേജിന്റെ ശബ്ദം.. എല്ലാം വീക്ഷിച്ചു കൊണ്ട് മലയാളത്തിന്റെ മഹാ കവിയും ഭാര്യയും  ഇരിപ്പുണ്ട്. ചെറുപ്പം മുതലേ കവിത എന്ന നാമത്തിനൊപ്പം ഉച്ചരിച്ചു കേട്ട  മൂന്നക്ഷരം. "ഒ എന്‍ വി " ഒരിക്കലെങ്കിലും കാണാന്‍ കഴിഞ്ഞെങ്കില്‍ എന്ന് എത്രയോ തവണ കരുതിയിട്ടുണ്ട്. സ്കൂളില്‍ ഭൂമിക്കൊരു ചരമ ഗീതം പഠിപ്പിച്ചു കൊണ്ടിരിക്കെ തലയിലല്പം കഷണ്ടി ഉള്ള അലക്സാണ്ടര്‍ സാര്‍ ചോദിച്ചതോര്‍ത്തു.."എന്താ കവിത കേട്ട് രോമാഞ്ചം ഉണ്ടായോ?" അന്ന് അറിയാതെ കയ്യിലെക്കൊന്നു നോക്കിയിരുന്നു.. കയ്യിലെ രോമങ്ങള്‍ ഒക്കെ എഴുന്നിരുന്നു.. 


"ഇനിയും മരിക്കാത്ത ഭൂമി ..
നിന്നാസന്ന മൃതിയില്‍ നിനക്കാത്മ ശാന്തി.."

ഇഷ്ട കവിയെ കാണുന്ന സന്തോഷം മനസ്സിനെ തുളുമ്പിച്ചു.



ഘോഷയാത്ര കഴിഞ്ഞു.. അല്‍ നാസര്‍  ലെയ്ഷാര്‍ ലാണ്ടിന്റെ തണുത്ത ഹാളിലേക്ക്‌  കടന്നു. വേദിയില്‍ ഓ എന്‍ വി , മട്ടന്നൂര്‍  തുടങ്ങിയവരൊക്കെ  ഇരിക്കുന്നു.  തിരക്കിനിടയില്‍ ഏതാണ്ട് മധ്യഭാഗത്തായി ഒരു സീറ്റ്‌ സംഘടിപ്പിച്ചു ഒന്നമര്‍ന്നിരുന്നു.. 


ഫോട്ടോ കടപ്പാട് : ഷാജി നാരായണന്‍ 

 മുന്‍വശത്ത്‌  വി ഐപി സീറ്റുകള്‍ ഒക്കെയാണ് ഉള്ളത്.

മധ്യ ഭാഗത്ത്‌ തന്നെ രംഗങ്ങള്‍ ഒപ്പിയെടുക്കുന്ന വീഡിയോക്കാരുടെ പരാക്രമങ്ങള്‍. ഇടയ്ക്കിടെ ഉയരുകയും താഴുകയും ചെയ്യുന്ന ക്രൈന്‍ കാമെറകള്‍ കാഴ്ചകളെ ഇടയ്ക്കിടെ മറയ്ക്കുന്നുണ്ട്. എങ്കിലും മറ്റു ഭാഗങ്ങളെ അപേക്ഷിച്ചു മെച്ചപ്പെട്ട ഭാഗമെന്ന നിലയില്‍ കിട്ടിയ സീറ്റിന്റെ അഹങ്കാരത്തില്‍ "അമ്പമ്പട ഞാനേ " എന്ന ഭാവത്തില്‍ ഒരല്‍പം ഞെളിഞ്ഞു തന്നെ കസേരയില്‍ ഇരുന്നു.ഇടയ്ക്കു ചെരുപ്പ് ഒന്നഴിച്ച് തറയില്‍ കാല്‍ പാദം പതുക്കെ അമര്‍ത്തി നോക്കി.. കടും പച്ച നിറമുള്ള പരവതാനിക്കടിയിലെ ഐസിന്റെ തണുപ്പ് കാലിലേക്ക് അരിച്ചെത്തി. ഹാ...നല്ല സുഖം..!!

വേദിയില്‍ സെക്രടരിയുടെ പ്രസംഗം തുടങ്ങി..സര്‍പ്രൈസ് ആയി എത്തിയ ഏതോ വാര്‍ത്തയെ കുറിച്ചു പറയുന്നത് കേട്ടപ്പോള്‍ കാതല്‍പ്പം കൂര്‍പ്പിച്ചു.

"ജ്ഞാനപീഠം അവാര്‍ഡ്‌  പ്രഖ്യാപിച്ച ദിവസം തന്നെ ഓ എന്‍ വി സാറിനെ നമ്മുടെ അതിഥിയായി കിട്ടിയത് നമ്മുടെ ഭാഗ്യമാണ്. !!"

" ഓ എന്‍ വി ക്ക് ജ്ഞാനപീഠമോ ?"

 ഹാളിലിരുന്ന ഭൂരിപക്ഷത്തിനുമെന്നപോലെ ദിവസം മുഴുവനും ഘോഷയാത്രയുടെ പുറകെ നടന്ന എനിക്കും അതൊരു പുത്തന്‍ വാര്‍ത്ത ആയിരുന്നു.

സദസ്സില്‍ ഒരാരവം.. ഇഷ്ട കവിക്ക്‌ ലഭിച്ച ബഹുമതിയുടെ സന്തോഷമാണ്. ഹൃദയം നിറഞ്ഞു കവിയുന്നത് പോലെ ഒരനുഭവം..

നാളുകളായി  ചൊല്ലിയും വായിച്ചും ഒക്കെ ശീലിച്ച മനുഷ്യ സ്നേഹം ചാലിച്ച വരികള്‍ മനസ്സിലേക്ക് ഓടിയെത്തി..

അമ്മയും, കുഞ്ഞെടത്തിയും, ഉപ്പും, കോതമ്പു പാടത്തെ പേരറിയാത്ത  പെണ് കിടാവിന്റെ നേരും ഒക്കെ മനസ്സിലേക്ക് ഓടിയെത്തി...

സദസ്സാകെ എഴുന്നേറ്റു നിന്ന് കയ്യടിക്കുകയാണ്...

വാക്കുകള്‍ക്കായി ഓ എന്‍ വി  എഴുന്നേറ്റു. പ്രസംഗ പീടത്തില്‍  ആ വാക്കുകള്‍ കവിതകളേക്കാള്‍  ഒഴുക്കോടെ പെയ്തിറങ്ങി.. സത്യത്തിന്റെ മണവും ചൂടും ചൂരുമുള്ള വാക്കുകള്‍ അല നാസര്‍ ലെഇശാര്‍ ലാന്‍ഡിലെ മഞ്ഞു കട്ടകളേപ്പോലും ഒരു നിമിഷം അലിയിപ്പിച്ചോ എന്ന് തോന്നിപ്പോയി..


മരണം വരെയും കവിയായിരിക്കാംഎന്ന വാക്ക്.. കയ്യടികള്‍ ആയി അലയടിച്ചു..


വായന മരിക്കുന്നു, മരിച്ചു എന്നൊക്കെ മുറവിളി കൂട്ടുന്നതിനിടയില്‍ ഒരു കവിക്ക്‌ ലഭിക്കുന്ന ആദരവ്‌  ഓ എന്‍ വി എന്ന എഴുത്തുകാരന്റെ മലയാളത്തിലെ സ്ഥാനമായിരുന്നു കാണിച്ചത്..

ഓ എന്‍ വി തിരികെ സീറ്റിലേക്ക്‌  മടങ്ങിയെങ്കിലും ആ വാക്കുകളുടെ കുളിര്‍മയിലാരുന്നു മനസ്സ്‌. 

ആ വിരലുകള്‍ കൊണ്ട് ഒരു ഒപ്പെങ്കിലും കിട്ടിയിരുന്നെങ്കില്‍ ... അതും ഇങ്ങനെയൊരു ദിവസം....

താമസിച്ചില്ല.. സീറ്റില്‍ നിന്നും ചാടിയിറങ്ങി അടുത്തിരുന്ന സുഹൃത്തിനോട്‌
"ഇപ്പൊ വരാം ": എന്ന് പറഞ്ഞു വേദിയുടെ മുന്‍ ഭാഗത്തേക്ക് ഒരരികിലൂടെ നടന്നു.

എന്താ ഒരു തിരക്ക്. എങ്ങനെയാ ഒരു ഒപ്പ്‌ കിട്ടുന്നെ ?

അക്കഫ്‌ സുവനീറിന്റെ ശില്പിയോടു വിളിച്ചു എന്തെങ്കിലും സാധ്യത ഉണ്ടോഎന്ന് ചോദിച്ചു.

നോക്കട്ടെയെന്ന മറുപടിയില്‍ പകുതി ആശ്വാസത്തോടെ തിരികെ സീറ്റിലേക്ക്‌ മടങ്ങി..

ഉടന്‍ തന്നെ ഫോണ്‍ ശബ്ദിച്ചു...

"ഓ എന്‍ വി സദസ്സില്‍ നിന്നും ഇറങ്ങുവാ...നീ  നേരിട്ടു വാ..."

ചാടിയിറങ്ങി ഓടി...

ഓട്ടത്തിനിടയില്‍ അടുത്തിരുന്ന ചേട്ടന്റെ മുഖത്ത് കയ്യുടെ മുട്ട് അത്ര മൃദുവല്ലാതെ  സ്പര്‍ശിച്ചു...
മറുപടിയായുര്‍ന്ന പച്ച മലയാള ശീലുകള്‍ ഏതു കവിതയിലേത് ആണെന്ന് ഞാന്‍ നോക്കിയില്ല.

മുന്‍ വശത്തേക്ക് എത്തിയെങ്കിലും കവി പുറത്തിറങ്ങിയിരുന്നു.. തിരക്കിനിടയിലൂടെ പുറത്തേക്ക് ഞാനും ഇറങ്ങി നോക്കി..

ഓ എന്‍ വി യെ കാണുന്നില്ല. പോയോ ?

അവിടെ ക്കണ്ട  മുന്‍ സെക്രട്ടറി അജെഷിനോടും ചോദിച്ചു നോക്കി...

"ഞാനും അത് തന്നെയാ നോക്കുന്നെ... പോയെന്നാ തോന്നുന്നത്..."

കിട്ടിയ അവസരം കൈ വിട്ട ദുഃഖത്തോടെ തിരികെ സീറ്റിലേക്ക് ഞാന്‍ നടന്നു. അല്പം മുന്‍പ് പച്ച മലയാള ശീലുകള്‍ ഉരുവിട്ട ചേട്ടന്‍ മുഖം
 പുറകോട്ടു ശ്രദ്ധാ പൂര്‍വ്വം മാറ്റിയത്  ഞാന്‍ കണ്ടില്ലെന്നു നടിച്ചു.

സ്റേജില്‍ കലാ പരിപാടികള്‍ ആരംഭിച്ചു.. നഷ്ട ബോധങ്ങള്‍ക്കിടയില്‍ മനസ്സ്‌ ആസ്വാദനത്തിന് അനുവദിച്ചില്ല...

പോക്കറ്റിലെ മൊബൈലിന്റെ വൈബ്രെറ്റര്‍  പ്രവര്‍ത്തിച്ചപ്പോള്‍ എടുത്തു നോക്കി..

ഒരു മെസ്സേജ്.. സുഹൃത്തിന്റെ ആണ്..

"ONV is still here "

വീണ്ടും സീറ്റില്‍ നിന്നും ചാടിയിറങ്ങി ഓടി..  എളുപ്പത്തില്‍ സ്റ്റേജിന്റെ മുന്‍ ഭാഗത്ത്‌ കൂടി തന്നെ പുറത്തെത്തി.

ഓ എന്‍ വി യെ അവിടെങ്ങും കണ്ടില്ല..ഭാരവാഹി സുഹൃത്ത് അവിടെ നില്‍പ്പുണ്ട്..


"ഓ എന്‍ വിയെ കണ്ടോ?
ഇല്ല.. എവിടെയാ...

 അവിടെ സ്റെജിന്റെ മുന്‍ ഭാഗത്ത്‌ തന്നെ ഇരുപുണ്ടല്ലോ...

നേരോ... അതിന്റെ മുന്പിലൂടെയാണ് ഞാന്‍ പുറത്തേക്കു വന്നത്. എന്നിട്ടും കണ്ടില്ല.

തിരികെ സദസ്സില്‍ കയറി നോക്കിയപ്പോള്‍  സദസ്സിന്റെ മുന്‍ നിരയില്‍ ഇരുന്നു പാട്ട് ആസ്വദിക്കുകയാണ് കവി...

ആരോ    പറഞ്ഞു.. " ഈ പാട്ട് കഴിയുമ്പോള്‍ ചെന്ന് ചോദിച്ചാല്‍ മതി."

ഒരു പേനയും കടം വാങ്ങി അക്കാഫിന്റെ ഓണം സുവനീറും കയ്യിലെടുത്ത്  ഓ എന്‍ വി യുടെ അടുത്ത് ചെന്ന്..

ഒരു ഒപ്പ് തരാമോ എന്ന് ചോദിച്ചു..


മുഖം അല്പ്പമുയര്ത്തി നോക്കിയ ശേഷം സുവനീരിന്റെ ആദ്യ താള്‍ തുറന്നു എഴുതി..

"സ്നേഹ മുദ്ര."

ഒപ്പം ഒപ്പും...

എനിക്ക് കൂടുതല്‍ സംസാരിക്കാന്‍ നാവ്‌ പോങ്ങുന്നുണ്ടായിരുന്നില്ല.

തിരക്ക് പിടിച്ച സദസ്സില്‍ നിന്നും ഞാന്‍ തിരിഞ്ഞു നടന്നു...പെനയും പോക്കറ്റില്‍ ഇട്ട്
സുവനീര്‍ നെഞ്ചോട് അടക്കി പ്പിടിച്ചു..

സ്റെജിനു സമീപം നിന്ന സുഹൃത്ത്‌ പറഞ്ഞു.. "അത് മടക്കല്ലേ...മഷി പടരും "


ഞാന്‍ തുറന്നു നോക്കി..


ആ ഒപ്പ് പടര്‍ന്നിരിക്കുന്നു

പക്ഷെ അത് പടര്‍ന്നത് എന്റെ ഹൃദയത്ത്തിലായിരിന്നു..

ഹൃദയത്തില്‍ പടര്‍ന്ന സ്നേഹ മുദ്ര..

Thursday, May 6, 2010

ഒരവധിക്കാലത്തിന്റെ ഓര്‍മച്ചിത്രങ്ങള്‍ ..


ഒരു അവധിക്കാലത്തിന്റെ ഓര്‍മ ....ഈ ഫോട്ടോകള്‍ എന്റെ മനസ്സിനെ നാട്ടില്‍ തന്നെ നിര്‍ത്തുന്നു...



ആ പഴയ പാട്ട് ഓര്‍മ വരുന്നു...
"മാമലകള്‍ക്കപ്പുറത്ത്  മരതകപ്പട്ടുടുത്ത്..."

****************************************************************************



ആലപ്പുഴക്കൊരു ബോട്ട് യാത്ര...കോട്ടയം ബോട്ട് ജെട്ടിയില്‍ നിന്നും തുടക്കം... ബോട്ട് കനാലിന്റെ ഇരു വശത്തും ഉള്ള പച്ചപ്പ്.. അകലെ തെളിഞ്ഞ മാനത്തു നിന്നും ഒരു വെള്ള നിറം താഴേക്കിറങ്ങി ബോട്ടിലേക്ക് ഒഴുകിയിറങ്ങി..
****************************************************************************

 ഫോര്‍ട്ട്‌ കൊച്ചി... സായന്തന സൂര്യന്‍ ഹൃദയത്തെ  തൊട്ട ഇടം...

*****************************************************************************


വേമ്പനാട്ടു കായല്‍ .... അകലെ നിന്നും ഒരു തോണിപ്പാട്ട് ഒഴുകി വരുന്നത് പോലെ തോന്നി...

**************************************************************************



 ആതിരപ്പിള്ളി വെള്ളച്ചാട്ടം..പച്ചപ്പിന് മുകളില്‍ നിന്നും ഒരു വെളുത്ത പുഷ്പം പോലെ...

*******************************************************************


 ആതിരപ്പിള്ളി വെള്ളച്ചാട്ടം..ഈ പൂവിന്റെ നിറം ചുവപ്പോ വെള്ളയോ...

****************************************************************

 വാഗമണ്ണിലേക്കൊരു ബസ്‌ യാത്ര...KSRTC ബസ്സില്‍ ഇരുന്നു എടുത്ത ചിത്രം...

******************************************************************

ഈ ഓര്‍മകള്‍ക്ക് ആ കാഴ്ചകളെക്കാള്‍  സുഖമുണ്ടെന്നു തോന്നുന്നു...

Sunday, May 2, 2010

അസൂയക്ക് മരുന്ന് വല്ലതുമുണ്ടോ ...


ഏതൊരു പ്രവാസിയും പോലെ നൊസ്റ്റാള്‍ജിയയുടെ  വേദന മധുരം പോലെ നുണഞ്ഞു പൂര്‍വകാല സ്മൃതികളിലൂടെ സ്വപ്നാടനം നടത്തിക്കൊണ്ടിരുന്ന കാലം...

രാവിലെ മുതല്‍ വൈകുന്നേരം വരെ ജോലിയും പിന്നെ വൈകുന്നേരങ്ങളില്‍  ഇന്റര്‍നെറ്റ്‌ ചേട്ടന്റെ സഹായത്താല്‍  സൗഹൃദങ്ങളെ തിരഞ്ഞുമൊക്കെ ദിവസങ്ങള്‍ തള്ളിക്കൊണ്ടിരിക്കെ..
 
മനസ്സിനെ കുളിര്‍പ്പിച്ചു പൂര്‍വകാല സ്മൃതികളെ ഉണര്‍ത്തി ഒരു പാട് മുഖങ്ങള്‍ വീണ്ടും കണ്ടു മുട്ടിക്കൊണ്ടിരിക്കെ..

സ്ക്രാപ്‌ പേജില്‍ ഒരു "ഹായ്‌" വിളി..ഫോട്ടോ കണ്ടിട്ട് മനസ്സിലായില്ലെങ്കിലും പണ്ടത്തെ കോളേജ്‌ നാളുകളിലെന്നോ കണ്ടുമുട്ടിയ ആളാണെന്ന് വ്യക്തമായി...


തിരിച്ചും ഒരു" ഹായ്‌"...നമുക്കെന്താ നഷ്ടം ..?

അങ്ങനെ ദിവസങ്ങള്‍ കഴിഞ്ഞു പോയി..സൂര്യന്‍ സാധാരണ പോലൊക്കെ കിഴക്കുദിച്ചു പടിഞ്ഞാറു വളരെ പാട് പെട്ട് അസ്തമിച്ചു കൊണ്ടിരുന്നു...അന്തി മയങ്ങുന്നല്ലോ എന്നാ ദുഖത്തില്‍ കാമുകനെ പാര്‍ക്കില്‍ നിന്നും പിരിഞ്ഞു ലവളുമാര്‍ ബസ്സ് പിടിച്ചു വീട്ടിലേക്കു പറന്നു കൊണ്ടിരുന്നു.. അതായത് കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെ ദിവസങ്ങള്‍ കൊഴിഞ്ഞു എന്നര്‍ഥം..


ഇതിനിടക്ക്‌ നമ്മുടെ  സൌഹൃദ  സൈറ്റില്‍ നമ്മുടെ ഹായ്‌ പറഞ്ഞ ആളുടെ ഫോട്ടോ ഒരു ദിവസം മാറിയിരിക്കുന്നു...ഓര്‍മകളില്‍ വീണ്ടും മേലുകാവ്..... "യവനാണോ ഇവന്‍ ?" മനസ്സിലൊരു സിനിമാ ഡയലോഗ് മിന്നി മാഞ്ഞു..


ഓന്‍ പഠിച്ചിരുന്ന കാലത്ത് എന്റെ അസൂയക്കും പ്രാക്കിനും ഒക്കെ ബലിയാടായതാ..  ഇവന് വേറെ പണിയൊന്നുമില്ലായിരുന്നോ എന്ന് ചിന്തിക്കാന്‍ വരട്ടെ...

ഈ പുതിയ ഫോട്ടോക്കാരനായിരുന്നു അന്നത്തെ കോളേജിലെ പെയിന്റിംഗ്, മിമിക്രി തുടങ്ങിയ കലാപങ്ങളില്‍ ഒക്കെ മുന്നില്‍ നിന്നത്.. നമ്മളൊക്കെ എത്ര പാട് പെട്ട് വരച്ചാലും അവന്റെ ഒപ്പമാവില്ല..
എങ്ങനെ  അസൂയ വരാതിരിക്കും..എന്തായാലും അസൂയ ഒക്കെ മാറ്റി വച്ച് (പുറമേ മാത്രം.. അകമേ ഭയങ്കര അസൂയ ആയിരുന്നു ) കൂട്ട് കൂടി... അങ്ങനെ യാണ് അവന്‍ ഒരു കൂട്ടുകാരനായത്.. പഠിത്തം കഴിഞ്ഞ ശേഷം കുറെ നാളത്തേക്ക് വിവരം ഒന്നുമില്ലായിരുന്നു..അവനാണ് ഇപ്പോള്‍ സൌഹൃദ സൈറ്റില്‍ .. പഴയ മേലുകാവിലെ സൗഹൃദം വീണ്ടും.. പ്രവാസിയുടെ നോസ്ടാല്‍ജിയ പത്തി വിരിച്ചു..പഴയ കാര്യങ്ങള്‍ ഒക്കെ അയവിറക്കി..

അവനാണ് ഈ ബ്ലോഗ്‌ എന്നാ സെറ്റ്അപ്പിനെക്കുരിച്ച് പറയുന്നത്.. അങ്ങനെ ഞാനും ഒരു ബ്ലോഗ്‌ തുടങ്ങി...
ഇവനെങ്ങനെ ഈ പരിപാടി ഒക്കെ  പഠിച്ചെന്നായിരുന്നു  എന്റെ സംശയം.. ഓന്‍ ഇപ്പൊ ഗ്രാഫിക് ഡിസൈനര്‍ ആണത്രേ...

എന്തായാലും പാട് പെട്ട് ഞാനെന്റെ മഞ്ചാടിയും വാരി ഇഴഞ്ഞു പോകുമ്പോള്‍ ലവന്‍ വീണ്ടും വന്നു...ഞാന്‍  പഴയ സൗഹൃദം ഒക്കെ ഒന്ന് കൊഴുപ്പിച്ചു ചോദിച്ചു..

"എന്റെ ബ്ലോഗിനൊരു നല്ല തലക്കെട്ട്‌ ഉണ്ടാക്കി തരാമോ.."


ആ ഒരു ചോദ്യമാണ് എന്റെ ബ്ലോഗിന് ഈ ഒരു രൂപം ഉണ്ടാക്കിയത് . സത്യം പറഞ്ഞാല്‍ പുതിയ മുഖം എനിക്കിഷ്ടപ്പെട്ടു കേട്ടോ..( എന്നാലും അവനോടു അസൂയ കൂടിയതെ ഉള്ളു..)

 ഈ ലവന്റെ പേരാണ് അനീഷ്‌....

വേണേല്‍  അവന്റെ ഫോട്ടോയും കണ്ടോ..എവിടെയെങ്കിലും വച്ച് കണ്ടാല്‍ ഓര്‍ക്കാലോ  ഇവനാണ് ഉദയന്റെ മഞ്ചാടി ബ്ലോഗ്‌ ആ പരുവം ആക്കിയതെന്നു...




ഇവനെക്കുറിച്ചു ബൂലോകത്തില്‍ നേരത്തെ വന്നതാ.. അന്നെ ഞാന്‍ കരുതിയിരിക്കെണ്ടാതായിരുന്നു...

അസൂയ കാരണം അവന്റെ മുഴുവന്‍ കാര്യങ്ങളും പറയാന്‍  എനിക്ക് മടിയാ...

അഥവാ ഇനി വല്ലതും അറിയണേല്‍ ഈ ലിങ്കില്‍  ക്ലിക്ക് ചെയ്തു നോക്കിക്കോ..

സംഗതി ഇവന് ഇനിയും ഉയര്‍ച്ച ഉണ്ടാവനെ എന്നാണു എന്റെ പ്രാര്‍ത്ഥന . അസൂയ എനിക്കല്ലേ ഉള്ളൂ.. അവന്‍ നന്നായേലേ എനിക്കെന്തെങ്കിലും ഗുണമുള്ളു...

എന്റെ അസൂയക്ക് മരുന്ന് വല്ലതും കിട്ടാനുണ്ടോ നാട്ടില്‍ ? കാട്ടിലായാലും വേണ്ടില്ല...!!!!



Friday, March 19, 2010

മേലുകാവ് മൊഴികള്‍ -2





അക്കൌണ്ടന്‍സി പറഞ്ഞു തരുന്ന സാറിന്റെ ശബ്ദം കാതില്‍ മുഴങ്ങുന്നു.രാവിലത്തെ മഴയുടെ തണുപ്പ് അന്തരീക്ഷത്തില്‍ നിന്നും മാറിയിട്ടില്ല. സാറിനെ കണ്ടോടിയ സീനിയര്‍ മുട്ടാളന്മാര്‍ സ്വല്പം ആഹ്ലാദം പകര്‍ന്നു. തലേ ദിവസത്തെ കയ്പേറിയ അനുഭവങ്ങളുടെ ഹാങ്ങ് ഒവറിനു മുകളില്‍ ഒരല്പം തണുത്ത വെള്ളം ഒഴിച്ച പോലെ.

“ അപ്പോള്‍ , ലെവന്മാര്‍ക്കു സാറന്മാരെ പേടിയുണ്ട്.”

ചെറുപ്പക്കാരനായ സാര്‍ അക്കൌണ്ടന്‍സി നിര്‍ത്തി പരിചയപ്പെടലിലേക്കു കടന്നു. പെണ്കുട്ടികളുടെ ഭാഗത്തു നിന്നാണു തുടക്കം. തുടക്കം മുതലേ സാറിന്റെ വനിതാ പ്രീണന നയം കണ്ട് അടുത്തിരുന്ന സഹ ബഞ്ചന്‍ മൊഴിഞ്ഞു.

“ സാറ് ആളു മോശമല്ലല്ലോടാ”

“ആര്‍ട്രാ... അവിടെ ശബ്ദമുണ്ടാക്കുന്നത്...? ഫസ്റ്റ് ക്ളാസ്സില്‍ തന്നെ നിനക്ക് പുറത്തു പോകണോ?”

പ്ലാറ്റ് ഫൊമില്‍ നിന്നും വന്ന അപ്രതീക്ഷിത ഗര്‍ജ്ജനം ശ്വാസത്തെ ഒരു നിമിഷം പിടിച്ചു നിര്‍ത്തി.ആളല്പം ചൂടനാണെന്നു തോന്നുന്നു. ആത്മഗതം നടത്തിയ കൂട്ടുകാരന്‍ വിരണ്ടിരിക്കുന്നു.

സാര്‍ കാര്യ പരിപാടിയിലേക്ക് മടങ്ങിയതും വാതില്ക്കലേക്ക് രണ്ട് പേര്‍ ഓടി എത്തി വിളിച്ചു പറഞ്ഞു.

“എടാ വിട്ടോടാ...കുര്യന്‍ സാറ് വരുന്നു !!!”

ശബ്ദ വീചികള്‍ ഞങ്ങളിലേക്കെത്തും മുന്‍പു തന്നെ അക്കൌണ്ടന്‍സി മാഷ് പുസ്തകം കക്ഷത്തിലേക്കിറുക്കി മിന്നല്‍ വേഗത്തില്‍ പുറത്തു ചാടി.പോകുന്ന പോക്കില്‍ കാല്‍ മുന്നില്‍ കിടന്ന ബഞ്ചില്‍ ശക്തിയായി ഇടിച്ചു.

പശ്ചാത്തല സംഗീതം “ അയ്യോ.....”

ഞങ്ങള്‍ക്കൊന്നും മനസ്സിലായില്ല. വലതു വശത്തെ വാതിലില്‍ കൂടി കിളിരം അല്പം കൂടി മധ്യവയസ്കനായ ഒരാള്‍ കടന്നു വരുന്നു. ഒരല്പ്പം കഷണ്ടി ബാധിച്ചു തുടങ്ങിയ നെറ്റി.. ചെരിച്ചു ചീകിയ മുടി. അറിയാതെ എഴുന്നേറ്റ ഞങ്ങളെ ശ്രദ്ധിക്കാതെ എതിര്‍ വശത്തെ വാതിലിലേക്കു വേഗം നടന്നു. എന്നിട്ട് വിളിച്ചു പറഞ്ഞു.

“ജൂനിയര്‍ ക്ലാസ്സുകളില്‍ കയറി നിരങ്ങരുതെന്നു തന്നോടൊക്കെ പറഞ്ഞിട്ടില്ലേടാ..”

അമ്പരന്നിരിക്കുയാണു ഞങ്ങള്‍ .... ഉറക്കത്തില്‍ വിളിച്ചേല്പ്പിച്ചിട്ട് കണ്ണില്‍ ടോര്‍ച്ച് അടിക്കുന്നതു പോലെ ഒരു അവസ്ഥ. ഒന്നും മനസ്സിലാവുന്നില്ല.അല്പം മുന്‍പ് വരെ ക്ളാസ് എടുത്തത് ഒരു സീനിയര്‍ താരം ആണെന്നോ?!!!

( ഈ സീനിയര്‍ താരത്തിന്റെ പേരു ഓര്‍മയിലേക്ക് വരുന്നില്ല. സിജോ എന്നോ മറ്റോ ആണെന്നു തോന്നുന്നു. ആള്‍ പിന്നീട് കോളേജ് യൂണിയന്‍ അംഗം ഒക്കെ ആയിരുന്നു.)

അങ്ങനെ വാണിജ്യ വിഭാഗ തലവന്‍ കുര്യന്‍ സാറിന്റെ ക്ളാസ്സില്‍ , പുത്തന്‍ അനുഭവങ്ങളുടെ അമ്പരപ്പില്‍ ,പുതിയ കലാലയ സ്വാതന്ത്ര്യത്തിന്റെ കുളിര്‍മയില്‍ ഞങ്ങള്‍ ബഞ്ചില്‍ അമര്‍ന്നിരുന്നു.
വലതു വശത്തെ വാതിലിലൂടെ ഒരല്പം ചാഞ്ഞു നോക്കിയാല്‍ അങ്ങകലെ മൂടല്‍ മഞ്ഞിന്റെ തലപ്പാവണിഞ്ഞ് ഇല വീഴാ പൂഞ്ചിറ ഉയര്‍ന്നു നില്ക്കുന്നു. തൊട്ടടുത്ത പാടത്തു നിന്നും വരുന്ന തണുത്ത കാറ്റ്... ഹാ!.. സംഗതിയൊക്കെ കൊള്ളാം..

തിരക്കു പിടിച്ച ഇടവേളകള്‍ ... സീനിയര്‍ കാപാലികരുടെ പരിചയപ്പെടല്‍ എന്ന പേരിലുള്ള അധിനിവേശങ്ങള്‍ ...

ഉച്ച സമയത്ത് അടുത്തുള്ള ചായക്കടയിലെ തിക്കും തിരക്കും...രണ്ടു പൊറോട്ടയും ഉള്ളിച്ചാറും ..നിറം മങ്ങിയ വെള്ളത്തില്‍ അനാഥരെപ്പോലെ കിടക്കുന്ന ഒന്നു രണ്ട് ഉള്ളികളുടെ ദുരവസ്ഥയില്‍ മനം നൊന്ത ഒരുത്തന്റെ അന്വേഷണം..

“ ചേട്ടാ.. ഇത്തവണ മഴ കനത്തതായിരുന്നല്ലേ..കറിപ്പാത്രത്തിലും വെള്ളം കയറിയല്ലോ..”

ശബ്ദ ഘോഷങ്ങക്കിടയില്‍ കൂടുതല്‍ കുഴപ്പങ്ങള്‍ക്ക് താല്പര്യമില്ലാത്തതിനാള്ല്‍ (‘ആരോഗ്യമില്ലാത്തതിനാല്‍’ എന്നും വായിക്കാം ) ക്ലാസ്സിലെ ബഞ്ചിന്റെ ഒരറ്റത്ത് കൂട്ടുകാരോടൊപ്പം വെടി പറഞ്ഞിരിക്കുമ്പോൾ അടുത്ത ക്ളാസ്സില്‍ കയ്യടി ശബ്ദം.
അപ്പുറത്തെന്താണെന്നു ആകാംക്ഷ.(ഭിത്തിയിലെ ചെറിയ ദ്വാരത്തിലൂടെ നോക്കിയാല്‍ അപ്പുറത്തെ ക്ല്ലാസ്സ് (3rd Group ) കാണാമെന്ന ചരിത്ര പ്രധാന കണ്ടു പിടുത്തം അതിനും ദിവസങ്ങള്‍ക്ക് ശേഷമാണു നടന്നത് .)


“ അതു നമ്മുടെ ചാണ്ടിക്കുഞ്ഞിന്റെ ചേട്ടന്‍ പ്രസംഗിക്കുന്നതാ.”


“ അവനു പ്രസംഗിക്കാന്‍ പ്രായമായി.. അവന്‍ പ്രസംഗിക്കട്ടെ.”


അദ്യ ശബ്ദം ജൈസന്റേത് . കൂട്ടിച്ചേര്‍ക്കപ്പെട്ട നാദം ചാണ്ടിക്കുഞ്ഞ് എന്നു വിളിക്കപ്പെടുന്ന സിബിയുടേത്. ( ചാണ്ടിക്കുഞ്ഞ് അവന്റെ അച്ഛന്റെ പേരു ആണ് )

സിബിയുടെ ചേട്ടന്‍ എബിയാണു അപ്പുറത്ത് വാചാടോപം നടത്തുന്നത് .SFI ക്കാരന്‍ . നിലവിലുള്ള മാഗസിന്‍ എഡിറ്റര്‍ .

അങ്ങനെ വിദ്യാര്‍ഥി രാഷ്ട്രീയക്കാരുടെ ശബ്ദവും കേട്ടു തുടങ്ങി. സംഘടനയെ പരിചയപ്പെടുത്തുന്നതിന്റെ തിരക്കിലാണു എല്ലാരും.

തൊട്ടടുത്ത് ഇന്റര്‍വെല്ലിനു തന്നെ നമ്മൂടെ ക്ളാസ്സിലും ആളെത്തി. വിപ്ലവത്തിന്റെ അനുയായികള്‍ തകര്‍പ്പന്‍ വാചകങ്ങളുമായി പരിപാടിയിലേക്ക് കടന്നു . ഒരോ വാചകങ്ങള്‍ക്കും കൂടെ വന്നവര്‍ കൈ അടിക്കുന്നു.( പറയുന്നത് കേട്ടിട്ടാണോ അതോ വെറുതെ അടിക്കുന്നതാണോ എന്നതായി എന്റെ സന്ദേഹം. ) വന്നത് SFI ക്കാർ ആയതു കൊണ്ടും , വീട്ടിലെ ഇടതു പക്ഷ ചിന്തയുടെ പൂമ്പൊടി ഒരല്പം എന്റെ മനസ്സിലും ഉള്ളതു കൊണ്ടും ഡസ്ക്കിലേക്ക് ഒരല്പം ചാഞ്ഞ് സാകൂതം ഞാനും അന്തം വിട്ടിരുന്നു.

KSU ക്കാരും വന്നു. ഒരല്പം മെലിഞ്ഞു ഇരുണ്ട നിറമുള്ള വെള്ള വേഷക്കാരന്‍ തകര്‍ത്ത് പ്രസംഗിക്കുന്നു.


“ അതാണു ഷാജി...KSU വിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയാ..”


ക്ലാസ്സില്‍ നിന്നും നല്ല കയ്യടിയാണ് .എന്റെ കൂടെ ഉള്ളവരും കൈ അടിക്കുകയാണ് . എല്ലവരും KSU ആണെന്നു തോന്നുന്നു. “മൌനം വിദ്വാനു ഭൂഷണം “ എന്നാരോ പറഞ്ഞിട്ടുള്ളത് ഓര്‍ത്ത് ഞാന്‍ മിണ്ടാതിരുന്നു

കഞ്ഞി മുക്കിയ ഖദര്‍ മണക്കുന്ന കെ എസ് യു ക്കാരും പൊതുവെ പരുക്കന്‍ വേഷങ്ങളുമായി നടക്കുന്ന എസ് എഫ് ഐ ക്കാരും കളം നിറഞ്ഞു കളിക്കുന്നതിനിടയിലാണു ഒരു സമരം പൊട്ടി മുളച്ചത്. മേലുകാവിന് ഗോളാന്തര പ്രശ്നങ്ങളില്‍ താല്പര്യമില്ലാത്തതിനാല്‍ ഉദരത്തിലെ തീയിനു പരിഹാരം തേടി ഒരു കാന്റീനു വേണ്ടിയായിരുന്നു സമരം. സമരം എന്നു വച്ചാല്‍ എല്ലാവരും ഉണ്ട്. ( അതങ്ങനെയാ.. പൊതുവായ പ്രശ്നമാകുമ്പോള്‍ കൊടിയുടെ കളര്‍ ആരും നോക്കാറില്ലായിരുന്നു.) അഞ്ജലി ബസ്സില്‍ നിന്നു തന്നെ തുടങ്ങുന്ന സമര ചര്‍ച്ചകള്‍ .സംഗതി എങ്ങനെ ഇരിക്കുമെന്ന ആകാംക്ഷയും ആവേശവും നമുക്കും )
കോളെജിലെത്തിയപ്പോൽ അസാധാരണമായ തിക്കും തിരക്കും. എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ ഓടി നടക്കുന്നു, എകദേശം 9.45 ആയപ്പോളെക്കും മുദ്രാവാക്യം വിളികളും ബഹളങ്ങളും കൊണ്ട് കോളെജ് നിറഞ്ഞു. ഒന്നാം വര്‍ഷക്കാര്‍ ആയതു കൊണ്ട് വളരെ മര്യാദക്കാര്‍ ആയി ഞാനും കൂട്ടാളികളും ക്ലാസ്സില്‍ ഇരിക്കുകയാണ് .

ക്ളാസ്സിന്റെ വാതില്ക്കലേക്കു ഇടിച്ച് കേറി സമരക്കാര്‍ പ്രസംഗിക്കുന്നു. എന്താ ഒരു ആവേശം!!! ഒരു കാന്റീന്‍ ഇല്ലാത്തത് അധ്യയന നിലവാരത്തെ എങ്ങനെ ബാധിക്കുമെന്ന് ആ പ്രസംഗങ്ങളില്‍ നിന്നാണ് ഞാന്‍ പഠിച്ചത്.


എന്തായാലും ഉച്ച കഴിഞ്ഞപ്പോളെക്കും ക്ലാസ്സ് വിട്ടു.

പശ്ചാത്തല സംഗീതം മാറി..


“നേടി എടുത്തെ.. നേടി എടുത്തെ..
അവകാശങ്ങൾ നേടി എടുത്തെ...”

ഇത്ര പെട്ടന്നു കാന്റീന്‍ പണിതൊ?


അതൊന്നുമല്ല കാര്യം. ക്ലാസ്സ് വിടുന്നതായിരുന്നു അടിസ്ഥാന പ്രശ്നം. അത് കഴിഞ്ഞപ്പോളെ സമരവും തീര്‍ന്നു.


ദിവസങ്ങള്‍ കഴിയുമ്പോളെക്കും കാമ്പസ്സിന്റെ താളത്തിനൊപ്പം ഞ്ഞങ്ങളുടെ ഹൃദയവും പതുക്കെ മിടിക്കാന്‍ തുടങ്ങി.

അസ്വാദ്യകരങ്ങളായ ക്ലാസ്സുകള്‍ ...അക്കൌണ്ടന്‍സി സൈമണ്‍ സാര്‍ എറ്റെടുത്തു. ലിസ്സമ്മ മിസ്സും മോളി മിസ്സും ബാബു സാറുമൊക്കെ ഞ്ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി. സെബാസ്റ്റിയന്‍ സാറും ആനി മിസ്സും ഡോണ മിസ്സും ജോയ് സാറും ഒക്കെ അടങ്ങുന്ന ആംഗലേയ വിഭാഗവും...
ഇഷ്ട വിഷയം മലയാളം ക്ലാസ്സുകളില്‍ മാത്യു സാറിന്റെ സാഹിത്യം വഴിഞ്ഞൊഴുകുന്ന ഗദ്യ വിവരണങ്ങള്‍. അതങ്ങനെ തുടരുംപോള്‍ തൊട്ടപ്പുറത്തെ തേര്‍ഡ് ഗ്രൂപ്പില്‍ നിന്നും കേള്‍ക്കുന്നു ....

“ അനുപമ കൃപാ നിധി.. അഖില ബാന്ധവന്‍ ശാക്യ
ജിനദേവന്‍ ധര്‍മ രശ്മി ചൊരിയും നാളില്‍ “



ശ്രുതി മധുരമായ ആലാപനം .
“ കരുണ” ഒഴുകി വരുന്നു.

എല്ലാവരുടെയു ശ്രദ്ധ അങ്ങോട്ടു മാറിയാപ്പോൾ
“ അഹാ! എല്ലാവരും കവിത കേള്‍ക്കുകയാണൊ? രാജു സാര്‍ ഇവിടെയും വരും “


അങ്ങനെ മൊത്തത്തില്‍ പുതിയ അനിര്‍വചനീയമായ കാമ്പസ്സിന്റെ താളം മനസ്സിലേക്കും പടര്‍ന്ന്‍ അങ്ങനെ പന്തലിക്കുമ്പോളാണു കോളെജ് ഇലക്ഷന്‍ വരുന്നത്.
ചൂടേറിയ രാഷ്ട്രീയ പ്രസംഗങ്ങള്‍ വാഗ്വാദങ്ങള്‍ക്കും പോസ്റ്ററുകള്‍ക്കും വഴിമാറിയതിനൊപ്പം മുണ്ട് അഴിച്ചിട്ടു പണ്ടാരോ പറഞ്ഞതു പോലെ “കര്‍ണങ്ങളെ എച്ചിലാക്കുമാറ് വെളുക്കെ ചിരിച്ചു” തല ഭൂമിയില്‍ മുട്ടുമാറ് താണു വീണു വോട്ടു ചോദിക്കുന്ന സ്ഥാനാര്‍ത്ഥി പ്രമുഖന്മാര്‍ ഒക്കെയായി കലാലയവും കലാലയ നടപ്പാതകളും നിറഞ്ഞു.

അഹങ്കാരത്തിന്റെ ആള്‍രൂപങ്ങളെന്നു കരുതിയ സീനിയര്‍ കാപാലികര്‍ പലരും ആട്ടിന്‍ കുട്ടികളെപ്പൊലെയുള്ള സ്ഥാനാര്‍ത്ഥികളായി മാറിയതു കൌതുകം വര്‍ദ്ധിപ്പിച്ചു.
എസ് എഫ് ഐ മുന്നണിയുടെ ഒരു തടിച്ച സ്ഥാനാര്‍ഥി അറ്റുത്തു വന്നു ചോദിച്ചു.

“എന്നെ ഓര്‍ക്കുന്നുണ്ടോ?”

എങ്ങനെ മറക്കാന്‍ സാധിക്കും?? ഒന്നാമത്തെ കലാലയനാള്‍ ഒരു ഭീകര ദിനമാക്കി മാറ്റി എനിക്കു ഉറക്കമില്ലാത്ത രാത്രി സമ്മാനിച്ച സീനിയര്‍ താരം.

സൌമ്യമായ പെരുമാറ്റം സൌഹൃദങ്ങള്‍ക്കു വഴി തെളിച്ചു.

ഇലക്ഷന്‍ ദിനമെത്തി. ജീവിതത്തില്‍ ആദ്യമായി രാഷ്ട്രീയ കാഴ്ചപ്പാടോടെ എസ് എഫ് ഐ ക്ക് പാനല്‍ അടച്ചൊരു വോട്ട് ( കൂട്ടുകാരോട് ആരോടും പറഞ്ഞില്ല. എല്ലാരും കോണ്ഗ്രസ്സാ ..)

റിസല്‍റ്റ് വന്നു. കോളെജിനു തൊട്ടു ചേര്‍ന്നുള്ള ലേഡീസ് ഹൊസ്റ്റലിലെ അന്തേവാസികളുടെ പിന്തുണയില്‍ എസ് എഫ് ഐ ക്ക് ഒരു സീറ്റിന്റെ ഭൂരി പക്ഷം ( പിന്നീടുള്ള വർഷങ്ങളിലും ഹൊസ്റ്റലിലെ പിന്തുണയായിരുന്നു കോളെജ് യൂണിയനുകളെ സ്വാധീനിച്ചിരുന്നത്.)

എസ് ഐ യുടെ ചെയര്‍മാന്‍ എബി.
എതിര്‍പക്ഷത്തെ പ്രമുഖന്‍ തീപ്പൊരി പ്രാസംഗികന്‍ , സൌമ്മ്യന്‍ ഒക്കെയായ സില്‍ജോ..(ഇപ്പോള്‍ ഭൂമുഖത്തില്ലാത്ത ആ കൂട്ടുകാരനെ വേദനയോടെ ഓര്‍ക്കുന്നു)

അങ്ങനെ ജയാരവം മുഴക്കി മെലുകാവിലെക്ക് നടക്കുന്ന വിജയികള്‍ . തോറ്റവരുടെ വിലാപങ്ങള്‍ . ഇവര്ക്കൊ ക്കെയിടയില്‍ വോട്ട് ചെയ്തവര്‍ ജയിച്ചതിന്റെ ആനന്ദത്തില്‍ ഞാനും..

“ഓര്‍മകള്‍ക്ക് എന്ത് സുഗന്ധം” എന്ന് കവി പാടിയത് വെറുതെയല്ല...

ഈ ഓര്‍മകള്‍ ഒക്കെ ഇല്ലായിരുന്നെങ്കില്‍ എന്തായിരുന്നേനെ ജീവിതം !!!









Wednesday, February 17, 2010

മേലുകാവ്‌ മൊഴികള്‍ - 1

ചാറ്റല്‍ മഴ നിര്‍ത്താതെ നിന്നെ ഞാന്‍ പനി പിടിപ്പിച്ചേ അടങ്ങൂ എന്ന വാശിയോടെ പെയ്തുകൊണ്ടിരുന്ന ഒരു തണുത്ത ജൂണ്‍ മാസ പുലരിയിലാണ് ഞനാദ്യമായി കോളേജിലേക്ക് പോകാന്‍ തയാറായത്.

അതിരാവിലെ ചാറ്റല്‍ മഴ വക വയ്കാതെ അല്പം വഴുക്കലുള്ള പാറയില്‍ സൂക്ഷിച്ചു ചവിട്ടി , വീടിനു കുറച്ചു താഴോട്ടു മാറി പറകളില്‍ തെന്നിത്തെറിച്ച് കുണുങ്ങിയൊഴുകുന്ന കൊച്ചു നീര്‍ച്ചാലില്‍ വിസ്തരിച്ചൊരു കുളിയും പാസാക്കി.

വര്‍ഷങ്ങളായുള്ള ഇഷ്ട ഭക്ഷനം പഴങ്കഞ്ഞിയും മോരും ഒരു ചെറിയ കാന്താരി മുളകും കൂട്ടി പ്രാതല്‍ അടിച്ച് മഴയോട് “പൊടാ പുല്ലെ “ എന്നു പറഞ്ഞ് ഒരു കോല്ലേജ് കുമാരന്‍ ആയതിന്റെ അഹങ്കാരത്തില്‍ ബസ് സ്റ്റോപ്പിലേക്ക് കാല്‍ നീട്ടി വച്ച് നടന്നു.

ജൂണ്‍ മാസത്തിന്റെ മഴത്തിമിര്‍പ്പിനിടയിൽ കുഴഞ്ഞു കിടന്ന ചെമ്മണ്‍ പാത വള്ളിച്ചെരിപ്പിനെ മാധ്യമമാക്കി എന്റെ പുത്തന്‍ ഷര്‍ട്ടിന്റെ പുറകു വശത്തായി കുറെയേറെ ഡിസൈനുകള്‍ വരയ്ക്കുന്നുണ്ടായിരുന്നു.. അതൊന്നും എനിക്കു പ്രശ്നമല്ലായിരുന്നു.

തൊടുപുഴ മുതല്‍ സ്കൂൾ പിള്ളേരോട് കലഹിച്ച് മടുത്ത “കിളികള്‍” കാവൽ നില്ക്കുന്ന PJMS എന്റെ കൊചു ഗ്രാമത്തിന്റെ കൊച്ചു ബസ് സ്റ്റോപ്പില്‍ മടിച്ച് മടിച്ച് കാല്‍ കൊടുത്തു നിന്നു. വലതു കാൽ വച്ചു തന്നെ ബസ്സില്‍ കയറി. അടുത്ത് സ്റ്റോപ്പില്‍ നിന്നു ഒന്നാം ക്ളാസ് മുതല്‍ സഹ ബെഞ്ചുകാരന്‍ ആയിരുന്ന സോജനും കയറി..ആദ്യതെ കോളേജ് യാത്രയുടെ ഉത്സാഹം അവന്റെ മുഖത്തും ദൃശ്യം

കുറുമണ്ണിന്റെ തൊട്ടിപ്പുറത്തായി മേലുകാവിനു തിരിയുന്ന ഇഞ്ചികാവ് എന്ന കൊച്ച് മുക്കില്‍ ബസ്സിറങ്ങി. ST ക്കാശിന്റെ പേരില്‍ കണ്ട്ക്ടറുമായി ഒരു ചെറിയ അങ്കവും അതിനിടയില്‍ നടത്തിയിരുന്നു. കണ്‍സഷന്‍ കാര്ടില്ലാതെ എസ് റ്റി തരില്ലെന്ന ഭീഷണിക്കു വഴങ്ങാതെ എസ് സ്റ്റി പൈസ കൈയിലിട്ടിട്ട് ഇറങ്ങിപ്പോന്നു ( ഫുള്‍ ചാര്‍ജ് കൊടുക്കാജ് കൈയിലില്ലെന്നത് അവനോട് പറയേണ്ട കാര്യമുണ്ടൊ?)

ബസ്സിറങ്ങിയിട്ടു സോജന്‍ കയ്യില്‍ വലിച്ചു കീട്ടിയിരിക്കുന്ന ക്ലോക്ക് പോലെ തോന്നിപ്പിക്കുന്ന എച്. എം.ടി .വാച്ചില്‍ നോക്കി പറഞ്ഞു.

“എടാ.. സമയം പോയോ എന്നൊരു സംശയം..വേറെയാരെയും കാണുന്നില്ലല്ലൊ”


ചാറ്റൽ മഴയോട് യുദ്ധം ചെയ്തു വാങ്ങിയ ജലദോഷത്തിന്റെ ബലത്തില്‍ ആഞ്ഞൊന്നു തുമ്മി അടുത്തു കണ്ട മാടക്കടയിലെ ചട്ടയിട്ട ചേടത്തിയോട് ചോദിച്ചു.

“ചേടത്തീ..മേലുകാവിനുള്ള ബസ് പോയോ”

“ഡാ മോനേ..കോളെജിലേക്കാണോ?. ഒമ്പതു മണിയുടെ അഞ്ജലി പോയല്ലോ.. 10 മണിയുടേത് ഉണ്ടാവുമൊ എന്നുറപ്പില്ല.. കുറച്ചു കൂടിയൊക്കെ നേരത്ത് ഇറങ്ങണ്ടേ?”


തീര്‍ന്നു..എല്ലാ ഉല്‍സാഹവും റോക്കറ്റിലേറി ഭൂമി വിട്ടു.
എന്തു ചെയ്യും???

ഞങ്ങള്‍ രണ്ടൂ പേരും ഒരു ചോദ്യ ചിഹ്നം പോലെയായി.

“നമുക്കു നടക്കാമെടാ. നാലഞ്ചു കിലോമീറ്ററല്ലേ ഉള്ളൂ”

നീലൂര്‍ മല നിരകളില്‍ ഓടിക്കളിച്ചതിന്റെ ആത്മ വിശ്വാസത്തില്‍ സോജന്‍ പറഞ്ഞു.

സംഗതിയൊക്കെ ശരിയാണെങ്കിലും ആദ്യ ദിവസം തന്നെ ഈ ചാറ്റല്‍ മഴയില്‍ ഇത്രയും ദൂരം നടക്കാന്‍ ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല.

സാഹചര്യത്തിന്റെ സമ്മര്‍ദ്ദത്താല്‍ കാലുകള്‍ നീട്ടി വച്ച് വലിഞ്ഞു നടന്നു മേലുകാവിന് .(നല്ല പൊക്കമുള്ള സോജന്റെ ഒപ്പമെത്താന്‍ താരതമ്യേന കുറിയ എനിക്കു വലിഞ്ഞു തന്നെ നടക്കേണ്ടി വന്നു.)

പകുതി വഴിയായപ്പോളെക്കും കാലുകള്‍ നീങ്ങുന്നില്ലെന്നു തോന്നി. സോജനു മാത്രം ഒരു കുഴപ്പവുമില്ല. മഴയുടെ പകരം വീട്ടല്‍ തുമ്മലിന്റെയും ശരീര വെദനയുടെയും രൂപത്തില്‍ പതുക്കെ അരിച്ചെത്താന്‍ തുടങ്ങി.. പനി പിടിക്കുമോ?

ഏന്തി വലിഞ്ഞു മേലുകാവെത്തിയപ്പോളെക്കും ഒരു പരുവമായി. മേലുകാവിനു തൊട്ടിപ്പുറത്ത് കുരിശുങ്കല്‍ ഷാപ്പിന്റെ അരികു ചേര്‍ന്നുള്ള ചെറിയ റോഡിലൂടെ നടന്നപ്പോള്‍ ദൂരെ നിന്നേ കേള്‍ക്കാം കോളെജില്‍ നിന്നുള്ള ആരവം.

കോളെജ് കാമ്പസ്സിന്റെ തൊട്ടടുത്തുള്ള കൈത്തോടിന്റെ മുകളിലെ കൊച്ചു പാലത്തിലൂടെ നടക്കുമ്പോള്‍ ആകെ മൊത്തം ഒരു കുളിരു.. പനി കൊണ്ടുള്ള കുളിരാണൊ അതോ ആദ്യമായി കോളെജില്‍ പോകുന്നതിന്റെ കുളിരാണൊ? വേര്‍തിരിച്ചറിയാനായില്ല.

ഇതെന്തൊരു കോളേജാ? ഒരു പഴയ സ്കൂള്‍ പോലെയുണ്ട്. പാലാ സെന്റ് തോമസ്സിലും തൊടുപുഴ ന്യൂ മാനിലും ആപ്ലിക്കേഷന്‍ കൊടുക്കാന്‍ പോയതിന്റെ ഓര്‍മ മനസ്സില്‍ നില്ക്കുകയാൺ . ദുഷ്റ്റന്മാര്‍. മാര്‍ക്ക് കുരവാനെന്ന ഒറ്റ കാരണം കൊണ്ട് അഡ്മിഷന്‍ തന്നില്ല.

മേലുകാവ് കോളെജിലാണെല്‍ കിട്ടിയിരിക്കുന്നതു ഫൊര്‍ത് ഗ്രൂപ്പും.. എന്തുവാണ് പടിക്കാന്‍ പോവുന്നതെന്നു പോലും ഒരു രൂപവുമില്ല.

അസ്ബസ്റ്റോസ് മേഞ്ഞ ഒരു ചെറിയ കെട്ടിടത്തിലാണ ഫോര്‍ത് ഗ്രൂപ്.

വലിയ ക്ലാസ് മുഴുവന്‍ ആളുകള്‍. ഒരു നൂറു പേരില്‍ കൂടുതല്‍ കാണും.

പെമ്പിള്ളാരുടെ ഭാഗതാണ് ആളു കൂടുതല്‍.

കൂഴ ചക്കപ്പഴത്തിനു ചുറ്റും ഈച്ചകള്‍ ഇരമ്പി ആര്‍ക്കുന്നതു പോലെ ആണ്‍കുട്ടികള്‍ പറന്നു നടക്കുന്നു.

“ മുഴുവന്‍ സീനീയെഴ്സ് ആണ്.. അവന്മാര്‍ പരിചയപ്പെടാന്‍ വന്നതാ “ അടുത്തിരുന്ന ജൈസന്റെ കമന്റ്.

“ലെവന്‍ മാര്‍ക്കൊക്കെ പെമ്പിള്ളേരെ മാത്രം പരിചയപ്പെട്ടാല്‍ മതിയൊ?” അമര്‍ഷം കടിച്ചമര്‍ത്തി സോജന്റെ മറുചോദ്യം.

ഖദറിട്ടവരും വള്ളിച്ചെരുപ്പും അയഞ്ഞ ഷര്‍ട്ടും മുണ്ടും അണിഞ്ഞവരുമൊക്കെ കൂടെയുണ്ട്..അവരാണ് കോളെജിലെ കുട്ടി സഖാക്കളും കോണ്ഗ്രസ്സുകാരും.

അവരു മാത്രം ആമ്പിള്ളേരുടെ അടുത്തേക്കു വരുന്നുണ്ട്. ഞ്ഞങ്ങളുടെ സഹായം അവര്‍ക്കു കൂടിയേ തീരൂ,.

രാവിലെ മുതലുള്ള മഴ നനഞ്ഞ് എനിക്കു നന്നയി പനിക്കാന്‍ തുടങ്ങിയിരുന്നു.

ബഞ്ചില്‍ ഇരുന്നിട്ട് വല്ലാത്ത വിമ്മിഷ്ടം.ശരീരമാസകലം വേദന. പരിചയപ്പെടാന്‍ ആളുകള്‍ വരുന്നത് അസഹ്യമായി തോന്നി. സ്വാഭാവികമായും മറുപടിയില്‍ ഈര്‍ഷ്യയുടെ രുചി അലിഞ്ഞു ചേര്‍ന്നിരുന്നു.

ആരോടൊക്കെയൊ “എടാ” എന്നു സംബൊധന ചെയ്യുകയും ചെയ്തു.

സീനിയര്‍ ആയതിന്റെ അഹങ്കാരത്തില്‍ വിരിഞ്ഞു നില്ക്കുന്ന ചേട്ടന്മാര്‍ ഇതു കേട്ടാല്‍ അടങ്ങി ഇരിക്കുമോ?

എന്നെ വളഞ്ഞു നിന്ന് ചീത്ത് പറയാൻ ആരംഭിച്ചു. അക്കൂട്ടത്തില്‍ മുന്നില്‍ നിന്നതു കറുത്ത് ഷര്‍ട്ടിട്ട ജിജോ എന്ന ആള്‍ ആണെന്നതു ഇന്നലെ കഴിഞ്ഞതു പോലെ ഓര്‍ക്കുന്നു.

“ എടാ കുമ്പ്ലാ മതിയെടാ. അവനെ നമുക്കു പിന്നെ പിടിക്കാം.”

കുമ്പ്ലന്‍ അവന്റെ ഇരട്ട പ്പേർ ആണെന്ന് പിന്നെ മനസ്സിലായി. കുമ്പളങ്ങയുടെ ആകൃതിയില്‍ ഉരുണ്ടിരിക്കുന്നതു കൊണ്ട് ഇട്ട പേര്‍ ആണത്രേ..(പില്‍ക്കാലത്ത്‌ ഇതേ വ്യക്തി തന്നെ എനിക്ക് ഏറ്റവും വേണ്ടപ്പെട്ടവരില്‍ ഒരാള്‍ ആയി.)

അങ്ങനെ സംഭവ ബഹുലമായ ദിവസത്തിനൊടുവില്‍ 3.45 ന്റെ അഞ്ജലി ബസ്സില്‍ വലിഞ്ഞു കയറി പനിയുടെ ക്ഷീണത്തിലും , ചേട്ടന്മാരുടെ വായില്‍ നിന്നു കേട്ട വികട സരസ്വതിയുടെ ആലസ്യത്തിലും ഞാന്‍ വീട്ടിലെക്ക് മടങ്ങി. സോജന്‍ കൂടെ ഉണ്ടായിരുന്നൊ? ഓര്‍ക്കുന്നില്ല. ഒന്നും ഓര്‍ക്കാൻ പറ്റിയ മാനസ്സികാവസ്ഥയില്‍ ആയിരുന്നില്ല എന്തായലും ഞാന്‍.

വീട്ടില്‍ വന്നു പറഞ്ഞപ്പോള്‍ ഒരുത്തരം മാത്രം.

“നിനക്കതു വേണം..പിള്ളേരയാല്‍ ഇത്ര അഹങ്കരിക്കരുതു..”

വയര്‍ നിറഞ്ഞു.ഇനിയൊന്നുറങ്ങിയാല്‍ മതി..

കണ്ണടച്ചിട്ടു ഉറക്കം വരുന്നില്ല. കണ്ണടച്ചാല്‍ കേള്‍ക്കുന്നതു ചേട്ടന്മാരുടെ ചീത്ത വിളി മാത്രം.
അറിയാതെ ദൈവത്തെ വിളിച്ചു പോയി. ദൈവമേ...!!! ഇങ്ങനായിരിക്കുമോ ഇനിയുള്ള നാളുകളും??