Friday, March 19, 2010

മേലുകാവ് മൊഴികള്‍ -2





അക്കൌണ്ടന്‍സി പറഞ്ഞു തരുന്ന സാറിന്റെ ശബ്ദം കാതില്‍ മുഴങ്ങുന്നു.രാവിലത്തെ മഴയുടെ തണുപ്പ് അന്തരീക്ഷത്തില്‍ നിന്നും മാറിയിട്ടില്ല. സാറിനെ കണ്ടോടിയ സീനിയര്‍ മുട്ടാളന്മാര്‍ സ്വല്പം ആഹ്ലാദം പകര്‍ന്നു. തലേ ദിവസത്തെ കയ്പേറിയ അനുഭവങ്ങളുടെ ഹാങ്ങ് ഒവറിനു മുകളില്‍ ഒരല്പം തണുത്ത വെള്ളം ഒഴിച്ച പോലെ.

“ അപ്പോള്‍ , ലെവന്മാര്‍ക്കു സാറന്മാരെ പേടിയുണ്ട്.”

ചെറുപ്പക്കാരനായ സാര്‍ അക്കൌണ്ടന്‍സി നിര്‍ത്തി പരിചയപ്പെടലിലേക്കു കടന്നു. പെണ്കുട്ടികളുടെ ഭാഗത്തു നിന്നാണു തുടക്കം. തുടക്കം മുതലേ സാറിന്റെ വനിതാ പ്രീണന നയം കണ്ട് അടുത്തിരുന്ന സഹ ബഞ്ചന്‍ മൊഴിഞ്ഞു.

“ സാറ് ആളു മോശമല്ലല്ലോടാ”

“ആര്‍ട്രാ... അവിടെ ശബ്ദമുണ്ടാക്കുന്നത്...? ഫസ്റ്റ് ക്ളാസ്സില്‍ തന്നെ നിനക്ക് പുറത്തു പോകണോ?”

പ്ലാറ്റ് ഫൊമില്‍ നിന്നും വന്ന അപ്രതീക്ഷിത ഗര്‍ജ്ജനം ശ്വാസത്തെ ഒരു നിമിഷം പിടിച്ചു നിര്‍ത്തി.ആളല്പം ചൂടനാണെന്നു തോന്നുന്നു. ആത്മഗതം നടത്തിയ കൂട്ടുകാരന്‍ വിരണ്ടിരിക്കുന്നു.

സാര്‍ കാര്യ പരിപാടിയിലേക്ക് മടങ്ങിയതും വാതില്ക്കലേക്ക് രണ്ട് പേര്‍ ഓടി എത്തി വിളിച്ചു പറഞ്ഞു.

“എടാ വിട്ടോടാ...കുര്യന്‍ സാറ് വരുന്നു !!!”

ശബ്ദ വീചികള്‍ ഞങ്ങളിലേക്കെത്തും മുന്‍പു തന്നെ അക്കൌണ്ടന്‍സി മാഷ് പുസ്തകം കക്ഷത്തിലേക്കിറുക്കി മിന്നല്‍ വേഗത്തില്‍ പുറത്തു ചാടി.പോകുന്ന പോക്കില്‍ കാല്‍ മുന്നില്‍ കിടന്ന ബഞ്ചില്‍ ശക്തിയായി ഇടിച്ചു.

പശ്ചാത്തല സംഗീതം “ അയ്യോ.....”

ഞങ്ങള്‍ക്കൊന്നും മനസ്സിലായില്ല. വലതു വശത്തെ വാതിലില്‍ കൂടി കിളിരം അല്പം കൂടി മധ്യവയസ്കനായ ഒരാള്‍ കടന്നു വരുന്നു. ഒരല്പ്പം കഷണ്ടി ബാധിച്ചു തുടങ്ങിയ നെറ്റി.. ചെരിച്ചു ചീകിയ മുടി. അറിയാതെ എഴുന്നേറ്റ ഞങ്ങളെ ശ്രദ്ധിക്കാതെ എതിര്‍ വശത്തെ വാതിലിലേക്കു വേഗം നടന്നു. എന്നിട്ട് വിളിച്ചു പറഞ്ഞു.

“ജൂനിയര്‍ ക്ലാസ്സുകളില്‍ കയറി നിരങ്ങരുതെന്നു തന്നോടൊക്കെ പറഞ്ഞിട്ടില്ലേടാ..”

അമ്പരന്നിരിക്കുയാണു ഞങ്ങള്‍ .... ഉറക്കത്തില്‍ വിളിച്ചേല്പ്പിച്ചിട്ട് കണ്ണില്‍ ടോര്‍ച്ച് അടിക്കുന്നതു പോലെ ഒരു അവസ്ഥ. ഒന്നും മനസ്സിലാവുന്നില്ല.അല്പം മുന്‍പ് വരെ ക്ളാസ് എടുത്തത് ഒരു സീനിയര്‍ താരം ആണെന്നോ?!!!

( ഈ സീനിയര്‍ താരത്തിന്റെ പേരു ഓര്‍മയിലേക്ക് വരുന്നില്ല. സിജോ എന്നോ മറ്റോ ആണെന്നു തോന്നുന്നു. ആള്‍ പിന്നീട് കോളേജ് യൂണിയന്‍ അംഗം ഒക്കെ ആയിരുന്നു.)

അങ്ങനെ വാണിജ്യ വിഭാഗ തലവന്‍ കുര്യന്‍ സാറിന്റെ ക്ളാസ്സില്‍ , പുത്തന്‍ അനുഭവങ്ങളുടെ അമ്പരപ്പില്‍ ,പുതിയ കലാലയ സ്വാതന്ത്ര്യത്തിന്റെ കുളിര്‍മയില്‍ ഞങ്ങള്‍ ബഞ്ചില്‍ അമര്‍ന്നിരുന്നു.
വലതു വശത്തെ വാതിലിലൂടെ ഒരല്പം ചാഞ്ഞു നോക്കിയാല്‍ അങ്ങകലെ മൂടല്‍ മഞ്ഞിന്റെ തലപ്പാവണിഞ്ഞ് ഇല വീഴാ പൂഞ്ചിറ ഉയര്‍ന്നു നില്ക്കുന്നു. തൊട്ടടുത്ത പാടത്തു നിന്നും വരുന്ന തണുത്ത കാറ്റ്... ഹാ!.. സംഗതിയൊക്കെ കൊള്ളാം..

തിരക്കു പിടിച്ച ഇടവേളകള്‍ ... സീനിയര്‍ കാപാലികരുടെ പരിചയപ്പെടല്‍ എന്ന പേരിലുള്ള അധിനിവേശങ്ങള്‍ ...

ഉച്ച സമയത്ത് അടുത്തുള്ള ചായക്കടയിലെ തിക്കും തിരക്കും...രണ്ടു പൊറോട്ടയും ഉള്ളിച്ചാറും ..നിറം മങ്ങിയ വെള്ളത്തില്‍ അനാഥരെപ്പോലെ കിടക്കുന്ന ഒന്നു രണ്ട് ഉള്ളികളുടെ ദുരവസ്ഥയില്‍ മനം നൊന്ത ഒരുത്തന്റെ അന്വേഷണം..

“ ചേട്ടാ.. ഇത്തവണ മഴ കനത്തതായിരുന്നല്ലേ..കറിപ്പാത്രത്തിലും വെള്ളം കയറിയല്ലോ..”

ശബ്ദ ഘോഷങ്ങക്കിടയില്‍ കൂടുതല്‍ കുഴപ്പങ്ങള്‍ക്ക് താല്പര്യമില്ലാത്തതിനാള്ല്‍ (‘ആരോഗ്യമില്ലാത്തതിനാല്‍’ എന്നും വായിക്കാം ) ക്ലാസ്സിലെ ബഞ്ചിന്റെ ഒരറ്റത്ത് കൂട്ടുകാരോടൊപ്പം വെടി പറഞ്ഞിരിക്കുമ്പോൾ അടുത്ത ക്ളാസ്സില്‍ കയ്യടി ശബ്ദം.
അപ്പുറത്തെന്താണെന്നു ആകാംക്ഷ.(ഭിത്തിയിലെ ചെറിയ ദ്വാരത്തിലൂടെ നോക്കിയാല്‍ അപ്പുറത്തെ ക്ല്ലാസ്സ് (3rd Group ) കാണാമെന്ന ചരിത്ര പ്രധാന കണ്ടു പിടുത്തം അതിനും ദിവസങ്ങള്‍ക്ക് ശേഷമാണു നടന്നത് .)


“ അതു നമ്മുടെ ചാണ്ടിക്കുഞ്ഞിന്റെ ചേട്ടന്‍ പ്രസംഗിക്കുന്നതാ.”


“ അവനു പ്രസംഗിക്കാന്‍ പ്രായമായി.. അവന്‍ പ്രസംഗിക്കട്ടെ.”


അദ്യ ശബ്ദം ജൈസന്റേത് . കൂട്ടിച്ചേര്‍ക്കപ്പെട്ട നാദം ചാണ്ടിക്കുഞ്ഞ് എന്നു വിളിക്കപ്പെടുന്ന സിബിയുടേത്. ( ചാണ്ടിക്കുഞ്ഞ് അവന്റെ അച്ഛന്റെ പേരു ആണ് )

സിബിയുടെ ചേട്ടന്‍ എബിയാണു അപ്പുറത്ത് വാചാടോപം നടത്തുന്നത് .SFI ക്കാരന്‍ . നിലവിലുള്ള മാഗസിന്‍ എഡിറ്റര്‍ .

അങ്ങനെ വിദ്യാര്‍ഥി രാഷ്ട്രീയക്കാരുടെ ശബ്ദവും കേട്ടു തുടങ്ങി. സംഘടനയെ പരിചയപ്പെടുത്തുന്നതിന്റെ തിരക്കിലാണു എല്ലാരും.

തൊട്ടടുത്ത് ഇന്റര്‍വെല്ലിനു തന്നെ നമ്മൂടെ ക്ളാസ്സിലും ആളെത്തി. വിപ്ലവത്തിന്റെ അനുയായികള്‍ തകര്‍പ്പന്‍ വാചകങ്ങളുമായി പരിപാടിയിലേക്ക് കടന്നു . ഒരോ വാചകങ്ങള്‍ക്കും കൂടെ വന്നവര്‍ കൈ അടിക്കുന്നു.( പറയുന്നത് കേട്ടിട്ടാണോ അതോ വെറുതെ അടിക്കുന്നതാണോ എന്നതായി എന്റെ സന്ദേഹം. ) വന്നത് SFI ക്കാർ ആയതു കൊണ്ടും , വീട്ടിലെ ഇടതു പക്ഷ ചിന്തയുടെ പൂമ്പൊടി ഒരല്പം എന്റെ മനസ്സിലും ഉള്ളതു കൊണ്ടും ഡസ്ക്കിലേക്ക് ഒരല്പം ചാഞ്ഞ് സാകൂതം ഞാനും അന്തം വിട്ടിരുന്നു.

KSU ക്കാരും വന്നു. ഒരല്പം മെലിഞ്ഞു ഇരുണ്ട നിറമുള്ള വെള്ള വേഷക്കാരന്‍ തകര്‍ത്ത് പ്രസംഗിക്കുന്നു.


“ അതാണു ഷാജി...KSU വിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയാ..”


ക്ലാസ്സില്‍ നിന്നും നല്ല കയ്യടിയാണ് .എന്റെ കൂടെ ഉള്ളവരും കൈ അടിക്കുകയാണ് . എല്ലവരും KSU ആണെന്നു തോന്നുന്നു. “മൌനം വിദ്വാനു ഭൂഷണം “ എന്നാരോ പറഞ്ഞിട്ടുള്ളത് ഓര്‍ത്ത് ഞാന്‍ മിണ്ടാതിരുന്നു

കഞ്ഞി മുക്കിയ ഖദര്‍ മണക്കുന്ന കെ എസ് യു ക്കാരും പൊതുവെ പരുക്കന്‍ വേഷങ്ങളുമായി നടക്കുന്ന എസ് എഫ് ഐ ക്കാരും കളം നിറഞ്ഞു കളിക്കുന്നതിനിടയിലാണു ഒരു സമരം പൊട്ടി മുളച്ചത്. മേലുകാവിന് ഗോളാന്തര പ്രശ്നങ്ങളില്‍ താല്പര്യമില്ലാത്തതിനാല്‍ ഉദരത്തിലെ തീയിനു പരിഹാരം തേടി ഒരു കാന്റീനു വേണ്ടിയായിരുന്നു സമരം. സമരം എന്നു വച്ചാല്‍ എല്ലാവരും ഉണ്ട്. ( അതങ്ങനെയാ.. പൊതുവായ പ്രശ്നമാകുമ്പോള്‍ കൊടിയുടെ കളര്‍ ആരും നോക്കാറില്ലായിരുന്നു.) അഞ്ജലി ബസ്സില്‍ നിന്നു തന്നെ തുടങ്ങുന്ന സമര ചര്‍ച്ചകള്‍ .സംഗതി എങ്ങനെ ഇരിക്കുമെന്ന ആകാംക്ഷയും ആവേശവും നമുക്കും )
കോളെജിലെത്തിയപ്പോൽ അസാധാരണമായ തിക്കും തിരക്കും. എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ ഓടി നടക്കുന്നു, എകദേശം 9.45 ആയപ്പോളെക്കും മുദ്രാവാക്യം വിളികളും ബഹളങ്ങളും കൊണ്ട് കോളെജ് നിറഞ്ഞു. ഒന്നാം വര്‍ഷക്കാര്‍ ആയതു കൊണ്ട് വളരെ മര്യാദക്കാര്‍ ആയി ഞാനും കൂട്ടാളികളും ക്ലാസ്സില്‍ ഇരിക്കുകയാണ് .

ക്ളാസ്സിന്റെ വാതില്ക്കലേക്കു ഇടിച്ച് കേറി സമരക്കാര്‍ പ്രസംഗിക്കുന്നു. എന്താ ഒരു ആവേശം!!! ഒരു കാന്റീന്‍ ഇല്ലാത്തത് അധ്യയന നിലവാരത്തെ എങ്ങനെ ബാധിക്കുമെന്ന് ആ പ്രസംഗങ്ങളില്‍ നിന്നാണ് ഞാന്‍ പഠിച്ചത്.


എന്തായാലും ഉച്ച കഴിഞ്ഞപ്പോളെക്കും ക്ലാസ്സ് വിട്ടു.

പശ്ചാത്തല സംഗീതം മാറി..


“നേടി എടുത്തെ.. നേടി എടുത്തെ..
അവകാശങ്ങൾ നേടി എടുത്തെ...”

ഇത്ര പെട്ടന്നു കാന്റീന്‍ പണിതൊ?


അതൊന്നുമല്ല കാര്യം. ക്ലാസ്സ് വിടുന്നതായിരുന്നു അടിസ്ഥാന പ്രശ്നം. അത് കഴിഞ്ഞപ്പോളെ സമരവും തീര്‍ന്നു.


ദിവസങ്ങള്‍ കഴിയുമ്പോളെക്കും കാമ്പസ്സിന്റെ താളത്തിനൊപ്പം ഞ്ഞങ്ങളുടെ ഹൃദയവും പതുക്കെ മിടിക്കാന്‍ തുടങ്ങി.

അസ്വാദ്യകരങ്ങളായ ക്ലാസ്സുകള്‍ ...അക്കൌണ്ടന്‍സി സൈമണ്‍ സാര്‍ എറ്റെടുത്തു. ലിസ്സമ്മ മിസ്സും മോളി മിസ്സും ബാബു സാറുമൊക്കെ ഞ്ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി. സെബാസ്റ്റിയന്‍ സാറും ആനി മിസ്സും ഡോണ മിസ്സും ജോയ് സാറും ഒക്കെ അടങ്ങുന്ന ആംഗലേയ വിഭാഗവും...
ഇഷ്ട വിഷയം മലയാളം ക്ലാസ്സുകളില്‍ മാത്യു സാറിന്റെ സാഹിത്യം വഴിഞ്ഞൊഴുകുന്ന ഗദ്യ വിവരണങ്ങള്‍. അതങ്ങനെ തുടരുംപോള്‍ തൊട്ടപ്പുറത്തെ തേര്‍ഡ് ഗ്രൂപ്പില്‍ നിന്നും കേള്‍ക്കുന്നു ....

“ അനുപമ കൃപാ നിധി.. അഖില ബാന്ധവന്‍ ശാക്യ
ജിനദേവന്‍ ധര്‍മ രശ്മി ചൊരിയും നാളില്‍ “



ശ്രുതി മധുരമായ ആലാപനം .
“ കരുണ” ഒഴുകി വരുന്നു.

എല്ലാവരുടെയു ശ്രദ്ധ അങ്ങോട്ടു മാറിയാപ്പോൾ
“ അഹാ! എല്ലാവരും കവിത കേള്‍ക്കുകയാണൊ? രാജു സാര്‍ ഇവിടെയും വരും “


അങ്ങനെ മൊത്തത്തില്‍ പുതിയ അനിര്‍വചനീയമായ കാമ്പസ്സിന്റെ താളം മനസ്സിലേക്കും പടര്‍ന്ന്‍ അങ്ങനെ പന്തലിക്കുമ്പോളാണു കോളെജ് ഇലക്ഷന്‍ വരുന്നത്.
ചൂടേറിയ രാഷ്ട്രീയ പ്രസംഗങ്ങള്‍ വാഗ്വാദങ്ങള്‍ക്കും പോസ്റ്ററുകള്‍ക്കും വഴിമാറിയതിനൊപ്പം മുണ്ട് അഴിച്ചിട്ടു പണ്ടാരോ പറഞ്ഞതു പോലെ “കര്‍ണങ്ങളെ എച്ചിലാക്കുമാറ് വെളുക്കെ ചിരിച്ചു” തല ഭൂമിയില്‍ മുട്ടുമാറ് താണു വീണു വോട്ടു ചോദിക്കുന്ന സ്ഥാനാര്‍ത്ഥി പ്രമുഖന്മാര്‍ ഒക്കെയായി കലാലയവും കലാലയ നടപ്പാതകളും നിറഞ്ഞു.

അഹങ്കാരത്തിന്റെ ആള്‍രൂപങ്ങളെന്നു കരുതിയ സീനിയര്‍ കാപാലികര്‍ പലരും ആട്ടിന്‍ കുട്ടികളെപ്പൊലെയുള്ള സ്ഥാനാര്‍ത്ഥികളായി മാറിയതു കൌതുകം വര്‍ദ്ധിപ്പിച്ചു.
എസ് എഫ് ഐ മുന്നണിയുടെ ഒരു തടിച്ച സ്ഥാനാര്‍ഥി അറ്റുത്തു വന്നു ചോദിച്ചു.

“എന്നെ ഓര്‍ക്കുന്നുണ്ടോ?”

എങ്ങനെ മറക്കാന്‍ സാധിക്കും?? ഒന്നാമത്തെ കലാലയനാള്‍ ഒരു ഭീകര ദിനമാക്കി മാറ്റി എനിക്കു ഉറക്കമില്ലാത്ത രാത്രി സമ്മാനിച്ച സീനിയര്‍ താരം.

സൌമ്യമായ പെരുമാറ്റം സൌഹൃദങ്ങള്‍ക്കു വഴി തെളിച്ചു.

ഇലക്ഷന്‍ ദിനമെത്തി. ജീവിതത്തില്‍ ആദ്യമായി രാഷ്ട്രീയ കാഴ്ചപ്പാടോടെ എസ് എഫ് ഐ ക്ക് പാനല്‍ അടച്ചൊരു വോട്ട് ( കൂട്ടുകാരോട് ആരോടും പറഞ്ഞില്ല. എല്ലാരും കോണ്ഗ്രസ്സാ ..)

റിസല്‍റ്റ് വന്നു. കോളെജിനു തൊട്ടു ചേര്‍ന്നുള്ള ലേഡീസ് ഹൊസ്റ്റലിലെ അന്തേവാസികളുടെ പിന്തുണയില്‍ എസ് എഫ് ഐ ക്ക് ഒരു സീറ്റിന്റെ ഭൂരി പക്ഷം ( പിന്നീടുള്ള വർഷങ്ങളിലും ഹൊസ്റ്റലിലെ പിന്തുണയായിരുന്നു കോളെജ് യൂണിയനുകളെ സ്വാധീനിച്ചിരുന്നത്.)

എസ് ഐ യുടെ ചെയര്‍മാന്‍ എബി.
എതിര്‍പക്ഷത്തെ പ്രമുഖന്‍ തീപ്പൊരി പ്രാസംഗികന്‍ , സൌമ്മ്യന്‍ ഒക്കെയായ സില്‍ജോ..(ഇപ്പോള്‍ ഭൂമുഖത്തില്ലാത്ത ആ കൂട്ടുകാരനെ വേദനയോടെ ഓര്‍ക്കുന്നു)

അങ്ങനെ ജയാരവം മുഴക്കി മെലുകാവിലെക്ക് നടക്കുന്ന വിജയികള്‍ . തോറ്റവരുടെ വിലാപങ്ങള്‍ . ഇവര്ക്കൊ ക്കെയിടയില്‍ വോട്ട് ചെയ്തവര്‍ ജയിച്ചതിന്റെ ആനന്ദത്തില്‍ ഞാനും..

“ഓര്‍മകള്‍ക്ക് എന്ത് സുഗന്ധം” എന്ന് കവി പാടിയത് വെറുതെയല്ല...

ഈ ഓര്‍മകള്‍ ഒക്കെ ഇല്ലായിരുന്നെങ്കില്‍ എന്തായിരുന്നേനെ ജീവിതം !!!