Monday, September 27, 2010

ഹൃദയത്തില്‍ പടര്‍ന്ന സ്നേഹമുദ്ര




കോളേജിന്റെ പേരെഴുതിയ ബാനര്‍ ഉയര്‍ത്തിപ്പിടിച്ച് മഹിളാമണികള്‍ മുന്‍പേ നടന്നു.. പരമാവധി മലയാളിത്തം മനസ്സിലും പിന്നെ ശരീരത്തിലും നിറച്ച് എവിടെയോ നഷ്ടപ്പെട്ടെന്നു കരുതിയിരുന്ന ഊര്‍ജം വീണ്ടു കിട്ടിയ സന്തോഷത്തില്‍ ഉള്ളില്‍ നിന്നുയര്‍ന്ന ഗാനങ്ങളുടെ താളത്തില്‍ അറിയാതെ ഒഴുകി , മനസ്സും ഒപ്പം ശരീരവും.. ദുബായിലെ അല നാസര്‍ ലെയ്ഷാര്‍ ലാന്‍ഡിലെ ഐസ് നിറഞ്ഞ ചവിട്ടടികളിലൂടെ ആട്ടവും പാട്ടവുമായി തെയ്യം, കഥകളി രൂപങ്ങളും പുലികളും ഒക്കെ തകര്‍ത്താടി..കടും പച്ച നിറമുള്ള പരവതാനി വിരിച്ച തറയിലൂടെ നടക്കുമ്പോള്‍ ഇരു വശങ്ങളിലും ഉള്ള കാഴ്ചക്കാരുടെ ശ്രദ്ധ ആക്ഷിക്കാന്‍ പരമാവധി ഉച്ചത്തില്‍ പാട്ടുകളും കലാലയ  കാലത്തെ പാട്ടുകള്‍  ഏറ്റു പാടി..തൊണ്ടയില്‍ നിന്നും ശബ്ദം പുറത്തേക്കു വരുന്നില്ലെന്ന് തോന്നി.
ഒരു റൌണ്ട് വച്ച് സ്റെജിനു അടുതെതിയപ്പോള്‍ ഉച്ചസ്ഥായിയിലായി കോളേജിന്റെ ശബ്ദം.. എല്ലാം വീക്ഷിച്ചു കൊണ്ട് മലയാളത്തിന്റെ മഹാ കവിയും ഭാര്യയും  ഇരിപ്പുണ്ട്. ചെറുപ്പം മുതലേ കവിത എന്ന നാമത്തിനൊപ്പം ഉച്ചരിച്ചു കേട്ട  മൂന്നക്ഷരം. "ഒ എന്‍ വി " ഒരിക്കലെങ്കിലും കാണാന്‍ കഴിഞ്ഞെങ്കില്‍ എന്ന് എത്രയോ തവണ കരുതിയിട്ടുണ്ട്. സ്കൂളില്‍ ഭൂമിക്കൊരു ചരമ ഗീതം പഠിപ്പിച്ചു കൊണ്ടിരിക്കെ തലയിലല്പം കഷണ്ടി ഉള്ള അലക്സാണ്ടര്‍ സാര്‍ ചോദിച്ചതോര്‍ത്തു.."എന്താ കവിത കേട്ട് രോമാഞ്ചം ഉണ്ടായോ?" അന്ന് അറിയാതെ കയ്യിലെക്കൊന്നു നോക്കിയിരുന്നു.. കയ്യിലെ രോമങ്ങള്‍ ഒക്കെ എഴുന്നിരുന്നു.. 


"ഇനിയും മരിക്കാത്ത ഭൂമി ..
നിന്നാസന്ന മൃതിയില്‍ നിനക്കാത്മ ശാന്തി.."

ഇഷ്ട കവിയെ കാണുന്ന സന്തോഷം മനസ്സിനെ തുളുമ്പിച്ചു.



ഘോഷയാത്ര കഴിഞ്ഞു.. അല്‍ നാസര്‍  ലെയ്ഷാര്‍ ലാണ്ടിന്റെ തണുത്ത ഹാളിലേക്ക്‌  കടന്നു. വേദിയില്‍ ഓ എന്‍ വി , മട്ടന്നൂര്‍  തുടങ്ങിയവരൊക്കെ  ഇരിക്കുന്നു.  തിരക്കിനിടയില്‍ ഏതാണ്ട് മധ്യഭാഗത്തായി ഒരു സീറ്റ്‌ സംഘടിപ്പിച്ചു ഒന്നമര്‍ന്നിരുന്നു.. 


ഫോട്ടോ കടപ്പാട് : ഷാജി നാരായണന്‍ 

 മുന്‍വശത്ത്‌  വി ഐപി സീറ്റുകള്‍ ഒക്കെയാണ് ഉള്ളത്.

മധ്യ ഭാഗത്ത്‌ തന്നെ രംഗങ്ങള്‍ ഒപ്പിയെടുക്കുന്ന വീഡിയോക്കാരുടെ പരാക്രമങ്ങള്‍. ഇടയ്ക്കിടെ ഉയരുകയും താഴുകയും ചെയ്യുന്ന ക്രൈന്‍ കാമെറകള്‍ കാഴ്ചകളെ ഇടയ്ക്കിടെ മറയ്ക്കുന്നുണ്ട്. എങ്കിലും മറ്റു ഭാഗങ്ങളെ അപേക്ഷിച്ചു മെച്ചപ്പെട്ട ഭാഗമെന്ന നിലയില്‍ കിട്ടിയ സീറ്റിന്റെ അഹങ്കാരത്തില്‍ "അമ്പമ്പട ഞാനേ " എന്ന ഭാവത്തില്‍ ഒരല്‍പം ഞെളിഞ്ഞു തന്നെ കസേരയില്‍ ഇരുന്നു.ഇടയ്ക്കു ചെരുപ്പ് ഒന്നഴിച്ച് തറയില്‍ കാല്‍ പാദം പതുക്കെ അമര്‍ത്തി നോക്കി.. കടും പച്ച നിറമുള്ള പരവതാനിക്കടിയിലെ ഐസിന്റെ തണുപ്പ് കാലിലേക്ക് അരിച്ചെത്തി. ഹാ...നല്ല സുഖം..!!

വേദിയില്‍ സെക്രടരിയുടെ പ്രസംഗം തുടങ്ങി..സര്‍പ്രൈസ് ആയി എത്തിയ ഏതോ വാര്‍ത്തയെ കുറിച്ചു പറയുന്നത് കേട്ടപ്പോള്‍ കാതല്‍പ്പം കൂര്‍പ്പിച്ചു.

"ജ്ഞാനപീഠം അവാര്‍ഡ്‌  പ്രഖ്യാപിച്ച ദിവസം തന്നെ ഓ എന്‍ വി സാറിനെ നമ്മുടെ അതിഥിയായി കിട്ടിയത് നമ്മുടെ ഭാഗ്യമാണ്. !!"

" ഓ എന്‍ വി ക്ക് ജ്ഞാനപീഠമോ ?"

 ഹാളിലിരുന്ന ഭൂരിപക്ഷത്തിനുമെന്നപോലെ ദിവസം മുഴുവനും ഘോഷയാത്രയുടെ പുറകെ നടന്ന എനിക്കും അതൊരു പുത്തന്‍ വാര്‍ത്ത ആയിരുന്നു.

സദസ്സില്‍ ഒരാരവം.. ഇഷ്ട കവിക്ക്‌ ലഭിച്ച ബഹുമതിയുടെ സന്തോഷമാണ്. ഹൃദയം നിറഞ്ഞു കവിയുന്നത് പോലെ ഒരനുഭവം..

നാളുകളായി  ചൊല്ലിയും വായിച്ചും ഒക്കെ ശീലിച്ച മനുഷ്യ സ്നേഹം ചാലിച്ച വരികള്‍ മനസ്സിലേക്ക് ഓടിയെത്തി..

അമ്മയും, കുഞ്ഞെടത്തിയും, ഉപ്പും, കോതമ്പു പാടത്തെ പേരറിയാത്ത  പെണ് കിടാവിന്റെ നേരും ഒക്കെ മനസ്സിലേക്ക് ഓടിയെത്തി...

സദസ്സാകെ എഴുന്നേറ്റു നിന്ന് കയ്യടിക്കുകയാണ്...

വാക്കുകള്‍ക്കായി ഓ എന്‍ വി  എഴുന്നേറ്റു. പ്രസംഗ പീടത്തില്‍  ആ വാക്കുകള്‍ കവിതകളേക്കാള്‍  ഒഴുക്കോടെ പെയ്തിറങ്ങി.. സത്യത്തിന്റെ മണവും ചൂടും ചൂരുമുള്ള വാക്കുകള്‍ അല നാസര്‍ ലെഇശാര്‍ ലാന്‍ഡിലെ മഞ്ഞു കട്ടകളേപ്പോലും ഒരു നിമിഷം അലിയിപ്പിച്ചോ എന്ന് തോന്നിപ്പോയി..


മരണം വരെയും കവിയായിരിക്കാംഎന്ന വാക്ക്.. കയ്യടികള്‍ ആയി അലയടിച്ചു..


വായന മരിക്കുന്നു, മരിച്ചു എന്നൊക്കെ മുറവിളി കൂട്ടുന്നതിനിടയില്‍ ഒരു കവിക്ക്‌ ലഭിക്കുന്ന ആദരവ്‌  ഓ എന്‍ വി എന്ന എഴുത്തുകാരന്റെ മലയാളത്തിലെ സ്ഥാനമായിരുന്നു കാണിച്ചത്..

ഓ എന്‍ വി തിരികെ സീറ്റിലേക്ക്‌  മടങ്ങിയെങ്കിലും ആ വാക്കുകളുടെ കുളിര്‍മയിലാരുന്നു മനസ്സ്‌. 

ആ വിരലുകള്‍ കൊണ്ട് ഒരു ഒപ്പെങ്കിലും കിട്ടിയിരുന്നെങ്കില്‍ ... അതും ഇങ്ങനെയൊരു ദിവസം....

താമസിച്ചില്ല.. സീറ്റില്‍ നിന്നും ചാടിയിറങ്ങി അടുത്തിരുന്ന സുഹൃത്തിനോട്‌
"ഇപ്പൊ വരാം ": എന്ന് പറഞ്ഞു വേദിയുടെ മുന്‍ ഭാഗത്തേക്ക് ഒരരികിലൂടെ നടന്നു.

എന്താ ഒരു തിരക്ക്. എങ്ങനെയാ ഒരു ഒപ്പ്‌ കിട്ടുന്നെ ?

അക്കഫ്‌ സുവനീറിന്റെ ശില്പിയോടു വിളിച്ചു എന്തെങ്കിലും സാധ്യത ഉണ്ടോഎന്ന് ചോദിച്ചു.

നോക്കട്ടെയെന്ന മറുപടിയില്‍ പകുതി ആശ്വാസത്തോടെ തിരികെ സീറ്റിലേക്ക്‌ മടങ്ങി..

ഉടന്‍ തന്നെ ഫോണ്‍ ശബ്ദിച്ചു...

"ഓ എന്‍ വി സദസ്സില്‍ നിന്നും ഇറങ്ങുവാ...നീ  നേരിട്ടു വാ..."

ചാടിയിറങ്ങി ഓടി...

ഓട്ടത്തിനിടയില്‍ അടുത്തിരുന്ന ചേട്ടന്റെ മുഖത്ത് കയ്യുടെ മുട്ട് അത്ര മൃദുവല്ലാതെ  സ്പര്‍ശിച്ചു...
മറുപടിയായുര്‍ന്ന പച്ച മലയാള ശീലുകള്‍ ഏതു കവിതയിലേത് ആണെന്ന് ഞാന്‍ നോക്കിയില്ല.

മുന്‍ വശത്തേക്ക് എത്തിയെങ്കിലും കവി പുറത്തിറങ്ങിയിരുന്നു.. തിരക്കിനിടയിലൂടെ പുറത്തേക്ക് ഞാനും ഇറങ്ങി നോക്കി..

ഓ എന്‍ വി യെ കാണുന്നില്ല. പോയോ ?

അവിടെ ക്കണ്ട  മുന്‍ സെക്രട്ടറി അജെഷിനോടും ചോദിച്ചു നോക്കി...

"ഞാനും അത് തന്നെയാ നോക്കുന്നെ... പോയെന്നാ തോന്നുന്നത്..."

കിട്ടിയ അവസരം കൈ വിട്ട ദുഃഖത്തോടെ തിരികെ സീറ്റിലേക്ക് ഞാന്‍ നടന്നു. അല്പം മുന്‍പ് പച്ച മലയാള ശീലുകള്‍ ഉരുവിട്ട ചേട്ടന്‍ മുഖം
 പുറകോട്ടു ശ്രദ്ധാ പൂര്‍വ്വം മാറ്റിയത്  ഞാന്‍ കണ്ടില്ലെന്നു നടിച്ചു.

സ്റേജില്‍ കലാ പരിപാടികള്‍ ആരംഭിച്ചു.. നഷ്ട ബോധങ്ങള്‍ക്കിടയില്‍ മനസ്സ്‌ ആസ്വാദനത്തിന് അനുവദിച്ചില്ല...

പോക്കറ്റിലെ മൊബൈലിന്റെ വൈബ്രെറ്റര്‍  പ്രവര്‍ത്തിച്ചപ്പോള്‍ എടുത്തു നോക്കി..

ഒരു മെസ്സേജ്.. സുഹൃത്തിന്റെ ആണ്..

"ONV is still here "

വീണ്ടും സീറ്റില്‍ നിന്നും ചാടിയിറങ്ങി ഓടി..  എളുപ്പത്തില്‍ സ്റ്റേജിന്റെ മുന്‍ ഭാഗത്ത്‌ കൂടി തന്നെ പുറത്തെത്തി.

ഓ എന്‍ വി യെ അവിടെങ്ങും കണ്ടില്ല..ഭാരവാഹി സുഹൃത്ത് അവിടെ നില്‍പ്പുണ്ട്..


"ഓ എന്‍ വിയെ കണ്ടോ?
ഇല്ല.. എവിടെയാ...

 അവിടെ സ്റെജിന്റെ മുന്‍ ഭാഗത്ത്‌ തന്നെ ഇരുപുണ്ടല്ലോ...

നേരോ... അതിന്റെ മുന്പിലൂടെയാണ് ഞാന്‍ പുറത്തേക്കു വന്നത്. എന്നിട്ടും കണ്ടില്ല.

തിരികെ സദസ്സില്‍ കയറി നോക്കിയപ്പോള്‍  സദസ്സിന്റെ മുന്‍ നിരയില്‍ ഇരുന്നു പാട്ട് ആസ്വദിക്കുകയാണ് കവി...

ആരോ    പറഞ്ഞു.. " ഈ പാട്ട് കഴിയുമ്പോള്‍ ചെന്ന് ചോദിച്ചാല്‍ മതി."

ഒരു പേനയും കടം വാങ്ങി അക്കാഫിന്റെ ഓണം സുവനീറും കയ്യിലെടുത്ത്  ഓ എന്‍ വി യുടെ അടുത്ത് ചെന്ന്..

ഒരു ഒപ്പ് തരാമോ എന്ന് ചോദിച്ചു..


മുഖം അല്പ്പമുയര്ത്തി നോക്കിയ ശേഷം സുവനീരിന്റെ ആദ്യ താള്‍ തുറന്നു എഴുതി..

"സ്നേഹ മുദ്ര."

ഒപ്പം ഒപ്പും...

എനിക്ക് കൂടുതല്‍ സംസാരിക്കാന്‍ നാവ്‌ പോങ്ങുന്നുണ്ടായിരുന്നില്ല.

തിരക്ക് പിടിച്ച സദസ്സില്‍ നിന്നും ഞാന്‍ തിരിഞ്ഞു നടന്നു...പെനയും പോക്കറ്റില്‍ ഇട്ട്
സുവനീര്‍ നെഞ്ചോട് അടക്കി പ്പിടിച്ചു..

സ്റെജിനു സമീപം നിന്ന സുഹൃത്ത്‌ പറഞ്ഞു.. "അത് മടക്കല്ലേ...മഷി പടരും "


ഞാന്‍ തുറന്നു നോക്കി..


ആ ഒപ്പ് പടര്‍ന്നിരിക്കുന്നു

പക്ഷെ അത് പടര്‍ന്നത് എന്റെ ഹൃദയത്ത്തിലായിരിന്നു..

ഹൃദയത്തില്‍ പടര്‍ന്ന സ്നേഹ മുദ്ര..